പുണെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (Serum Institute of India) നിർമിച്ച മലേറിയ വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. കുട്ടികളിലെ മലേറിയ തടയാൻ ലോകത്തിലെ രണ്ടാമത്തെ വാക്‌സീനാണ് ഇതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ആര്‍21/ മെട്രിക്-എം എന്ന ഈ വാക്‌സീന്‍ എസ്‌ഐഐയും ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വികസിപ്പിച്ചത്. യൂറോപ്യന്‍ ആന്‍ഡ് ഡവലപ്പിങ് കണ്‍ട്രീസ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്ണര്‍ഷിപ്പിന്റെയും വെല്‍കം ട്രസ്റ്റിന്റെയും യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും പിന്തുണയോടെയായിരുന്നു വാക്‌സീന്‍ ഗവേഷണം. നാലു രാജ്യങ്ങളില്‍ നടന്ന പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സീന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് തെളിഞ്ഞതോടെയാണ് ലോകാരോഗ്യ സംഘടനയുടെ അനുമതി.
നൊവവാക്‌സിന്റെ അഡ്ജുവന്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയായിരുന്നു വാക്‌സീന്‍ നിര്‍മാണം. പ്രതിവര്‍ഷം 10 കോടി ഡോസ് മലേറിയ വാക്‌സീന്‍ നിര്‍മിക്കാനുള്ള ശേഷി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഉണ്ട്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാക്കുമെന്ന് കമ്പനി അറിയിച്ചു. മെട്രിക് എമ്മിനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരം മലേറിയയ്ക്കെതിരെയുള്ള പോരാട്ടത്തിലെ നാഴിക്കല്ലാണെന്ന് എസ്‌ഐഐ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. വൈകാതെ തന്നെ ഈ വാക്‌സീന് കൂടുതല്‍ അനുമതികള്‍ ലഭിക്കുമെന്നും അടുത്ത വര്‍ഷത്തോടെ ആഗോള വിപണിയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഘാന, നൈജീരിയ, ബുര്‍കിനോ ഫാസോ എന്നിവിടങ്ങളില്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ഈ വാക്‌സീനുണ്ട്.