ന്യൂഡൽഹി: ആർബിഐ എക്സിക്യൂട്ടീവ് ഡയറക്ടറായി മുനീഷ് കപൂറിന് നിയമിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് വിവരം പങ്കുവെച്ചത്. 2023 ഒക്ടോബർ 3 മുതൽ എക്സിക്യൂട്ടീവ് ഡയറക്ടറായി മുനീഷ് കപൂറിനെ നിയമിച്ചു എന്നാണ് പ്രസ്താവന. എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ ഇക്കണോമിക് ആൻഡ് പോളിസി റിസർച്ച് വിഭാഗം ശ്രദ്ധിക്കുന്നത് അദ്ദേഹമായിരിക്കും.
എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ്, കപൂർ മോണിറ്ററി പോളിസി വിഭാഗം അഡൈ്വസറും മോണിറ്ററി പോളിസി കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ആർബിഐയിലെ സാമ്പത്തിക നയ, ഗവേഷണ, മോണിറ്ററി പോളിസി വകുപ്പ്, മാക്രോ ഇക്കണോമിക് പോളിസി, റിസർച്ച് ആൻഡ് മോണിറ്ററി പോളിസി എന്നീ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2012-15 കാലഘട്ടത്തിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേശകനായും കപൂർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സർട്ടിഫൈഡ് അസോസിയേറ്റുമാണെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ കൂടി അറിയിച്ചു.