2023ലെ രസതന്ത്ര നൊബേൽ സമ്മാനം മൂന്നുപേർക്ക്. മൗംഗി ജി. ബാവെൻഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവർക്കാണ് പുരസ്കാരം. നാനോടെക്നോളിയിലെ ഗവേഷണത്തിനാണ് ഇത്തവണത്തെ പുരസ്കാരം. ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.
അമേരിക്കയിലെ മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം ഐ ടി)യിലാണ് മൗംഗി ജി ബവെന്ദി ജോലി ചെയ്യുന്നത്. കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. റഷ്യന്‍ ശാസ്ത്രജ്ഞനാണ് അലെക്‌സി. വാവിലോവ് സ്‌റ്റേറ്റ് ഒപ്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്യുന്നു. അലക്സി എക്കിമോവാണ് 1981ൽ ആദ്യമായി ക്വാണ്ടം ഡോട്ട്സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടർ പാർട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്സ്.
അതിനിടെ, രസതന്ത്ര നൊബേല്‍ ചോർന്നത് വിവാദമായി. നൊബേൽ പുരസ്കാരം നിർണയിക്കുന്ന സ്വീഡിഷ് അക്കാഡമി ഇന്ന് പകൽ ഈ പുരസ്കാരം സംബന്ധിച്ച വാർത്താക്കുറിപ്പ് അബദ്ധത്തിൽ അയയ്ക്കുകയായിരുന്നുവെന്ന് സ്വീഡിഷ് മാധ്യമമായ എസ്‌വിടി റിപ്പോർട്ട് ചെയ്തു. സ്വീഡിഷ് സമയം പകൽ 11.45നാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേലും പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചാണ് സാഹിത്യ നൊബേൽ പ്രഖ്യാപിക്കുക. സമാധാന നൊബേൽ വെള്ളിയാഴ്ചയും. തിങ്കളാഴ്ചയാണ് സാമ്പത്തിക നൊബേൽ പ്രഖ്യാപിക്കുക.