മാലി: ആദ്യദിനം മുതല്‍ ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് മാലദ്വീപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസു. ദ്വീപ് സമൂഹത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ പ്രചാരണ വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് മാലദ്വീപിന്റെ നിയുക്ത പ്രസിഡന്റായ മുഹമ്മദ് മുയിസു പറഞ്ഞു. തങ്ങളുടെ രാജ്യത്ത് വിദേശ സൈന്യം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിദേശ സൈനികരെ മാലദ്വീപില്‍ തങ്ങാന്‍ അനുവദിക്കില്ല.
മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം നേടിയ മുഹമ്മദ് മുയിസു ചൈനീസ് അനുകൂലിയായാണ് അറിയപ്പെടുന്നത്. രണ്ടാം റൗണ്ട് റണ്ണോഫിലാണ് നിലവിലെ പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപ് സമൂഹത്തിനുമേല്‍ ഏത് രാജ്യമാണ് കൂടുതല്‍ സ്വാധീനം ചെലുത്തുകയെന്ന് തീരുമാനിക്കുന്ന ഘടകമായും ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നു.
ദ്വീപില്‍ നിലയുറപ്പിച്ച ഇന്ത്യന്‍ സൈന്യം മാലദ്വീപിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസു പ്രധാനമായും പ്രചരണം നടത്തിയത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് മാലദ്വീപില്‍ അനിയന്ത്രിതമായ ഇന്ത്യന്‍ സാന്നിധ്യം അനുവദിച്ചതായി മുയിസു കുറ്റപ്പെടുത്തി. എന്നാല്‍, മാലിദ്വീപില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇരു സര്‍ക്കാരുകളും തമ്മിലുള്ള കരാര്‍ പ്രകാരം ഒരു ഡോക്ക് യാര്‍ഡ് നിര്‍മ്മിക്കാനുള്ള ലക്ഷ്യത്തോടെ മാത്രമാണെന്ന് സോലിഹ് പറഞ്ഞു.