കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ എം കെ കണ്ണൻ ഹാജരാക്കിയ രേഖകൾ ഇ ഡി നിരസിച്ചു. എം കെ കണ്ണൻ കുടുംബത്തിന്റെ സ്വത്ത് വിവരങ്ങൾ ഹാജരാക്കിയിട്ടില്ലെന്ന് ഇ ഡി അറിയിച്ചു. കണ്ണൻ കൃത്യമായ രേഖകൾ ഹാജരാക്കണമെന്ന നിർദ്ദേശം ഇ ഡി വീണ്ടും നൽകി. സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കണ്ണന്റെ പ്രതിനിധികൾ ഇഡിക്ക് മുമ്പാകെ സ്വത്ത് വിവരങ്ങളുടെ രേഖകളുമായി രാവിലെ എത്തിയത്.
ഇതിനിടെ പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി ടി ആര്‍ രാജനും ഇ ഡി ഓഫീസില്‍ ഹാജരായി. പി ആര്‍ അരവിന്ദാക്ഷന് പെരിങ്ങണ്ടൂര്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് അക്കൗണ്ട് ഉണ്ടെന്ന ഇ ഡി കണ്ടെത്തല്‍ ബാങ്ക് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്. അരവിന്ദാക്ഷന്‍ ഇഡി അറസ്റ്റിനെ തുടര്‍ന്ന് റിമാന്‍ഡിലാണ്.
നേരത്തെ രണ്ട് തവണ ഇഡി എം കെ കണ്ണനെ ചോദ്യം ചെയ്തിരുന്നു. ആദ്യവട്ടം ഏഴുമണിക്കൂറിലേറെ സമയം ചോദ്യം ചെയ്തിരുന്നു. ഇഡി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ഇഡി കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രണ്ടാം തവണ ഹാജരായപ്പോള്‍ നാല് മണിക്കൂറിനുള്ളില്‍ കണ്ണനെ ഇ ഡി വിട്ടയച്ചിരുന്നു. കണ്ണന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് വിട്ടയച്ചതെന്നുമായിരുന്നു ഇ ഡിയുടെ വിശദീകരണം. എന്നാല്‍ ഇത് എം കെ കണ്ണന്‍ നിഷേധിച്ചിരുന്നു. കണ്ണനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി അറിയിച്ചിരുന്നു. ഇതിനിടയിലാണ് എം കെ കണ്ണന്‍ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ ഹാജരാക്കിയിരിക്കുന്നത്.