അബുദബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 6.5 മില്ല്യണിലധികം ജീവനക്കാര്‍ അംഗങ്ങളായതായി മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. പദ്ധതിയില്‍ അംഗമാകാത്തവരില്‍ നിന്ന് 400 ദിര്‍ഹമാണ് പിഴ ഈടാക്കുക. പിഴയുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തിന്റെ വൈബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും അറിയാന്‍ കഴിയും. കഴിഞ്ഞ മാസം 30 വരെയായിരുന്നു തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് മന്ത്രാലയം അനുവദിച്ചിരുന്ന സമയം.
അവസാന ദിവസം ആയിരക്കണക്കിന് ആളുകളാണ് പദ്ധതിയില്‍ അംഗമായത്. 6.5 മില്ല്യണിലധികം ജീവനക്കാര്‍ ഇതുവരെ പദ്ധതിയില്‍ അംഗമായതായാണ് മന്ത്രാലയത്തിന്റെ കണക്ക്. നിശ്ചിത സമയപരിധിക്കുള്ളില്‍ പദ്ധതിയില്‍ ചേരാത്തവര്‍ക്ക് മന്ത്രാലയം പിഴ ചുമത്തി തുടങ്ങി. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ബിസിനസ് കേന്ദ്രങ്ങള്‍ വഴിയും പിഴയുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് അവസരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അംഗമായ ശേഷം തുടര്‍ച്ചയായി മൂന്ന് മാസം വിഹിതം അടക്കുന്നതില്‍ വീഴ്ച വരുത്തിലായും അംഗത്വം റദ്ദാക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ 200 ദിര്‍ഹം പിഴയും അടക്കേണ്ടി വരും. നിശ്ചിത കാലയളവിനുളളില്‍ പിഴ അടക്കാത്തവരുടെ ശമ്പളത്തില്‍ നിന്നോ മറ്റ് ആനുകൂല്യങ്ങളില്‍ നിന്നോ തുക ഈടാക്കാനാണ് തീരുമാനം. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ അറുപത് ശതമാനം തുക മൂന്ന് മാസത്തേക്ക് നല്‍കുന്നതാണ് പദ്ധതി.