മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോഡി അതീവ ബുദ്ധിമാനാണെന്ന് വിശേഷിപ്പിച്ച പുടിന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ സുപ്രധാന മുന്നേറ്റങ്ങള്‍ കൈവരിച്ചെന്നും പറഞ്ഞു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രശംസ. റഷ്യന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമായ ആര്‍ടി ന്യൂസ് പുറത്തുവിട്ട വീഡിയോയിലാണ് പുടിന്‍ മോഡിയെ പ്രശംസിച്ചത്.
‘പ്രധാനമന്ത്രി മോഡിയുമായി ഞങ്ങള്‍ വളരെ നല്ല രാഷ്ട്രീയ ബന്ധമാണ് പങ്കിടുന്നത്. അദ്ദേഹം അതീവ ബുദ്ധിമാനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വളരെ വലിയ കുതിച്ചുചാട്ടം നടത്തുന്നു. ഇന്ത്യയുടെയും റഷ്യയുടെയും താല്‍പ്പര്യം പൂര്‍ണ്ണമായും നിറവേറ്റുന്നു,’പുടിന്‍ പറഞ്ഞു.
റഷ്യയെ കുറ്റപ്പെടുത്താതെ യുക്രൈന്‍ സംഘര്‍ഷത്തില്‍ സമാധാനത്തിന് ഊന്നല്‍ നല്‍കുന്ന ഡല്‍ഹി പ്രഖ്യാപനത്തെ മോസ്‌കോ ഒരു ‘നാഴികക്കല്ല്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നേരത്തെ ഉല്‍പ്പാദനരംഗത്ത് അടക്കം സംരംഭകത്വം വര്‍ദ്ധിപ്പിക്കുന്നതിനായി 2014-ല്‍ മോഡി ആരംഭിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ പുടിന്‍ പ്രശംസിച്ചിരുന്നു. ആഭ്യന്തര വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയുടെ വിജയത്തില്‍ നിന്ന് റഷ്യക്ക് പഠിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ (ഇഇഎഫ്) സംസാരിക്കുകയായിരുന്നു പുടിന്‍,
”അന്ന് ഞങ്ങള്‍ക്ക് ആഭ്യന്തരമായി നിര്‍മ്മിച്ച കാറുകള്‍ ഇല്ലായിരുന്നു, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ പല പങ്കാളികളും ഇത് അനുകരിക്കണമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി മോഡി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ഉല്‍പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ നയങ്ങളെ അദ്ദേഹം പ്രശംസിച്ചത്.
പുടിന്‍ പറഞ്ഞു, ‘നിങ്ങള്‍ക്കറിയാമോ, മുമ്പ് ഞങ്ങള്‍ നമ്മുടെ രാജ്യത്ത് കാറുകള്‍ നിര്‍മ്മിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അത് ചെയ്യുന്നു.1990 കളില്‍ നമ്മള്‍ വന്‍തോതില്‍ വാങ്ങിയ മെഴ്‌സിഡസ്/ ഔഡി കാറുകളേക്കാള്‍ ഞങ്ങള്‍ നിര്‍മ്മിച്ച കാറുകള്‍ വളരെ ഒതുക്കമുള്ളതാണെന്നത് ശരിയാണ്. എന്നാല്‍ അത് ഒരു പ്രശ്നമല്ല. റഷ്യയില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നത് തികച്ചും നല്ലതാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരില്‍ പലരും കാണിച്ച പാത പിന്തുടരണമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയെ നോക്കിയാല്‍ മതി.അവിടെയുള്ളവര്‍ ഇന്ത്യയില്‍ തന്നെ കാറുകള്‍ നിര്‍മ്മിക്കുന്നതിലും അവ ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി മോഡി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നു’, പുടിന്‍ പറഞ്ഞു.