ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും. ഞായറാഴ്ച വളരെ മോശം എന്ന നിലയിലായിരുന്നു രാജ്യതലസ്ഥാനത്തെ വായുമലിനീകരണ നിരക്ക്. എന്നാൽ, വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങൾ മലിനീകരണത്തോത് വർധിപ്പിച്ചേക്കും. 376 ആയിരുന്നു ഇന്നത്തെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ). നഗരത്തിനുമീതേ കനത്തപുകമഞ്ഞ് രൂപപ്പെടുകയും ദൃശ്യതയിൽ കാര്യമായ കുറവുണ്ടാവുകയും ചെയ്തിരുന്നു.
ദീപാവലി ആഘോഷം, വാഹനങ്ങളിൽനിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ എന്നിവ തിങ്കളാഴ്ചത്തെ വായുമലിനീകരണത്തോതിനെ ‘വളരെ മോശം’ എന്ന നിലയിൽനിന്ന് ‘ഗുരുതരം’ എന്ന നിലയിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 59 നിരീക്ഷണകേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം, പന്ത്രണ്ടിടത്ത് വായുമലിനീകരണത്തോത് ‘ഗുരുതരം’ എന്ന വിഭാഗത്തിലായിരുന്നു. 22 സ്ഥലത്ത് ഇത് ‘വളരെ മോശം’ എന്ന നിലയിലുമായിരുന്നു. ഏറ്റവും ഉയർന്ന എക്യുഐ കണ്ടെത്തിയത് ജഹാംഗിർപുരിയിലായിരുന്നു- 463.
Leave a Comment
Your comment will be visible after admin approval.