ഗാങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. നൂറിലേറെ പേരെ കണ്ടെത്താൻ തിരച്ചിൽ പുരോഗമിക്കുകയാണ്. പശ്ചിമബംഗാളിലും പ്രളയ ഭീഷണി നിലനിൽക്കുന്നുണ്ട്.
ബുധനാഴ്ച പുലർച്ചെയുണ്ടായ മിന്നൽ പ്രളയം കനത്ത നാശനഷ്ടമാണ് ടീസ്റ്റ നദിക്കരയിൽ സൃഷ്ടിച്ചിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച റാങ്പോ, സിങ്തം, ഡിക്ചു എന്നീ മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിലാണ്. ഒറ്റപ്പെട്ടുപോയ 150ലധികം പേരെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും നൂറിലേറെ ആളുകളെ കാണാതായെന്നാണു വിവരം.
ടീസ്റ്റ നദിയിലെ പ്രധാന രണ്ട് അണക്കെട്ടുകൾ തകർന്നതിനാൽ നദിയിലെ നീരൊഴുക്ക് ഇതുവരെ കുറഞ്ഞിട്ടില്ല. സംസ്ഥാനത്ത് തുടരുന്ന മഴയും പ്രളയത്തിൽ തകർന്ന ഗതാഗത സംവിധാനങ്ങളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സിക്കിം സർക്കാർ ഈ മാസം 15 വരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ കുടുങ്ങിക്കിടക്കുന്ന ആയിരത്തിലേറെ പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ടീസ്റ്റ നദിയിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ബംഗാൾ സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാളിലേ കലിംപോങ്, ഡാർജീലിങ്, ജൽപായ്ഗുരി, കൂച്ച് ബിഹാർ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളിൽ 3,500ലേറെ ആളുകളെ പാർപ്പിച്ചിട്ടുണ്ട്.