തന്റെ ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് അമിതാഭ് ബച്ചൻ

Global Indian Writer · November 9, 2026 · 1 min read · 0 Comments · 0 Shares

മുംബൈ: തന്റെ ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് ഇതിഹാസതാരം അമിതാഭ് ബച്ചൻ. എഴുതാനായി ഉപയോ​ഗിക്കുന്ന കയ്യിൽ അസ്വസ്ഥതയുണ്ടെന്നും അതിനാൽ തനിക്ക് ലഭിച്ച ദീപാവലി ആശംസകൾക്ക് മറുപടികൾ അയക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബ്ലോ​ഗിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ദീപാവലി പ്രമാണിച്ച് നിരവധി ആരാധകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ആശംസകളും സമ്മാനങ്ങളും ലഭിക്കുന്നുണ്ട്. തനിക്ക് ലഭിക്കുന്ന സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നതോടൊപ്പം ഓരോരുത്തർക്കും വ്യക്തിപരമായി കത്തുകളിലൂടെ മറുപടി നൽകാനാണ് ശ്രമിക്കുന്നത്. മറുപടികൾ സ്വന്തം കൈപ്പടയിൽ എഴുതണമെന്നായിരുന്നു ആഗ്രഹമെങ്കിലും കൈയിലെ അസ്വസ്ഥത കാരണം അതിന് സാധിക്കുന്നില്ല. ഇതിൽ എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും അമിതാഭ് ബച്ചൻ കുറിച്ചു.

കഴിഞ്ഞ മാസം മുതലാണ് അമിതാഭ് ബച്ചന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകൾ ഉയർന്നത്. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനാൽ സമൂഹമാധ്യമമായ എക്സിൽ പതിവുപോലെ സജീവമാകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

ഉറക്കപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ജിമ്മിലെ വ്യായാമവും പതിവുപോലെ മുന്നോട്ടുപോകുന്നില്ല. അത് വീണ്ടും ക്രമത്തിലാക്കാനുള്ള ശ്രമത്തിലാണ്. ജോലിയുടെ തിരക്കും ആവശ്യകതകളും ശരീരത്തെയും മനസ്സിനെയും ഒരുപോലെ ക്ഷീണിപ്പിക്കുന്നു. അതിനാൽ കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമായി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

അമിതാഭ് ബച്ചന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജനപ്രിയ ടെലിവിഷൻ പരിപാടിയായ ‘കോൻ ബനേഗാ ക്രോർപതി 18’ന്റെ പുതിയ എപ്പിസോഡുകളുടെ സംപ്രേഷണം സോണി എന്റർടെയ്ൻമെന്റ് ടെലിവിഷൻ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ നവംബർ 11ന് ശേഷം താരം വീണ്ടും പരിപാടിയുടെ അവതാരക ചുമതലയിലേക്ക് മടങ്ങിയെത്തുമെന്നാണ് വിവരം. ഇതനുസരിച്ച് നവംബർ 16 മുതൽ പുതിയ എപ്പിസോഡുകൾ സംപ്രേഷണം തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.