ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രാവണനായി ചിത്രീകരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദയും രാഷ്ട്രീയത്തെയും സംവാദങ്ങളെയും ഏത്തരം അധഃപതനത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പ്രിയങ്കാ ഗാന്ധി എക്സിൽ ചോദിച്ചു. ബിജെപിയുടെ ഔദ്യോഗിക എക്സ് പേജിൽ പങ്കുവച്ച പോസ്റ്റിനോട് ഇരുവരും യോജിക്കുന്നുണ്ടോയെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.
രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിക്കപ്പെടുന്ന കോടീശ്വരനായ ജോർജ് സോറോസുമായി രാഹുലിനെ ബന്ധപ്പെടുത്തുന്ന തരത്തിലാണ് ബി ജെ പി എക്സ് പോസ്റ്റ് പങ്കുവച്ചത്. പുതിയ യുഗത്തിലെ രാവണൻ എന്ന വിശേഷണത്തോടെയാണ് പോസ്റ്റർ പങ്കുവച്ചത്. ധർമ്മത്തിനും ഭാരതത്തിനും എതിരെ പ്രവർത്തിക്കുകയും ഭാരതത്തെ നശിപ്പിക്കുകയുമാണ് രാഹുലിന്റെ ലക്ഷ്യമെന്നും ബി ജെ പിയുടെ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. ബി ജെ പിയുടെ ഈ പ്രവർത്തി ലജ്ജാകരമാണെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ പ്രതികരിച്ചത്.
അതേസമയം രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ച ബിജെപിയുടെ നടപടിയിൽ പ്രതിഷേധം ഉയരുകയാണ്. എ ഐ സി സിയുടെ ആഹ്വാനം അനുസരിച്ച് ഡി സി സി കളുടെ നേതൃത്വത്തിൽ ഇന്ന് കോൺഗ്രസ് കേരള വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. നരേന്ദ്ര മോദിയുടെയും കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചുള്ള പ്രതിഷേധമാണ് സംഘടിപ്പിക്കുകയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു.
ബി ജെ പിക്കും സംഘ്പരിവാർ സംഘടനകൾക്കും രാഹുൽ ഗാന്ധിയെ ഭയമായതുകൊണ്ടാണ് അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമിക്കുന്നതിനായി ആഹ്വാനം ചെയ്തതെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു.