തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ആവർത്തിച്ച് എം വി ഗോവിന്ദൻ. ഇക്കാര്യം അന്വേഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. തട്ടിപ്പിന് അറസ്റ്റിലായവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഭൂതകാല ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കരുത്. അഖിൽ സജീവൻ ഉൾപ്പടെ ഉള്ളവരെ നേരത്തെ പുറത്താക്കിയതാണ്. ജി സുധാകരന്‍റെ കരുവന്നൂർ ഇഡി പരാമർശത്തില്‍ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമനക്കോഴ കേസിൽ മുഖ്യ ആസൂത്രികർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് പൊലീസിന് നൽകിയ മൊഴി. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ പറഞ്ഞു. എന്നാൽ പരാതിക്കാരനായ ഹരിദാസനെ അറിയില്ല എന്നതടക്കം മൊഴികൾ പൊലീസ് വിശ്വസിക്കുന്നില്ല. പരാതിക്കാരനായ ഹരിദാസൻ ഒളിവിൽ പോയെന്നും കന്‍റോൺമെന്‍റ് പൊലീസ് പറയുന്നു. അതേസമയം, അഖിൽ സജീവ് ഉൾപ്പെട്ട സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ യുവമോർച്ച നേതാവിനെയും പത്തനംതിട്ട പൊലീസ് പ്രതിചേർത്തു.