ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിൽ പിടിയിലായ അഖിൽ സജീവനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പൊലീസ് വൈകിച്ചുവെന്ന് പ്രതിഭാഗം ആരോപിച്ചു. 24 മണിക്കൂറിനു മുമ്പ് അഖിൽ സജീവനെ കോടതിയിൽ ഹാജരാക്കിയില്ലെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.
ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിൽ കെപി ബാസിത്ത് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ പ്രശ്നമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചോദ്യം ചെയ്യലിന് എത്താൻ അസൗകര്യമുണ്ടെന്ന് കന്റോൺമെന്റ് പൊലീസിനെ അറിയിച്ചു. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ബാസിത്തിനോട് പൊലീസ് പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാൽ പൊലീസ് സ്റ്റേഷനിലെ നമ്പരിൽ വിളിച്ച് തനിക്ക് ചെങ്കണ്ണാണെന്നും എത്താൻ കഴിയില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. നേരത്തേ മൂന്ന് തവണ ബാസിത്തിനെ ചോദ്യം ചെയ്തിട്ടുണ്ട്. മൊഴിയെടുക്കലും നടത്തിയിട്ടുണ്ട്.
ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിൽ പ്രതിപ്പട്ടികയിൽ ഉള്ളവരിൽ ആർക്കും ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തേ പ്രതികരിച്ചിരുന്നു. ഗൂഢാലോചന നടന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഗൂഢാലോചനയിൽ പൊലീസ് അന്വേഷണം വേണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇവരെയൊക്കെ പിടികൂടിയക്കഴിഞ്ഞപ്പോൾ ചില മാധ്യമങ്ങൾ പറയുന്നത് ഇവർക്കെല്ലാം ഇടതുപക്ഷ ബന്ധമുണ്ടെന്നാണ്. അഖിൽ സജീവൻ ഉൾപ്പെടെയുള്ളവരെ നേരത്തെ പാർട്ടി പുറത്താക്കിയിട്ടുള്ളതാണ്.
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖിൽ സജീവൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 2021ലെ സിഐടിയു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ പിടികൂടിയത്. തേനിയിൽ വെച്ചാണ് അഖിൽ സജീവനെ കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്.പി നന്ദകുമാറിൻറെ നേതൃത്വത്തിൽ അഖിൽ സജീവിനെ ചോദ്യം ചെയ്തുവരികയാണ്. മരുകമൾക്ക് ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന് പറഞ്ഞ് ഹരിദാസൻ എന്നയാളിൽനിന്ന് ഒരു ലക്ഷത്തിലേറെ രൂപ അഖിൽ സജീവൻ വാങ്ങി ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് കൈമാറിയെന്നാണ് ആരോപണം.