ടെല്‍ അവീവ്: ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രായേലില്‍ കനത്ത നാശനഷ്ടം. റോക്കറ്റ് ആക്രമണത്തിന് പിന്നാലെ നുഴഞ്ഞു കയറിയുള്ള ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചിട്ടുണ്ട്. ഇസ്രായേല്‍ പ്രതിരോധ സേന യുദ്ധ ജാഗ്രത പുറപ്പെടുവിച്ചു. ടെല്‍ അവീവിലുള്ള സൈനിക ആസ്ഥാനത്ത് ഇസ്രായേല്‍ സുരക്ഷാ മന്ത്രിതല യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിലവില്‍ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കടുത്ത പ്രതിരോധ നടപടികള്‍ക്ക് ഇസ്രായേല്‍ സൈന്യത്തിന് പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.ഇസ്രായേല്‍ വളരെ വിഷമകരമായ നിമിഷമാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. ഞങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ നേരിടുന്ന ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
ഹമാസ് ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ‘ഇന്ന് രാവിലെ ഹമാസ് ഗുരുതരമായ തെറ്റ് ചെയ്തു, ഇസ്രായേലിതിരെ യുദ്ധം ആരംഭിച്ചു. എല്ലാ നുഴഞ്ഞുകയറ്റ സ്ഥലങ്ങളിലും സൈനികര്‍ ശത്രുക്കളോട് പോരാടുകയാണ്. ഈ യുദ്ധത്തില്‍ ഇസ്രായേല്‍ ജയിക്കും’ ഗാലന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.ഇതിനിടെ ഹമാസ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ അറിയിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.