ജറൂസലം / ഗസ്സ സിറ്റി: ഇസ്രായേൽ – ഫലസ്തീൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണ സംഖ്യ ഉയരുകയാണ്. ഗസ്സയിൽനിന്നും ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ 40 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ ദേശീയ റെസ്ക്യൂ സർവീസ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണങ്ങളിൽ പരിക്കേറ്റ 750ഓളം പേർ ഇസ്രായേലിലെ ആശുപത്രികളിൽ ചികിത്സയിലാണ്. 2000ത്തിലേറെ റോക്കറ്റുകളാണ് ഗസ്സ മുനമ്പിൽനിന്ന് ഹമാസ് തൊടുത്തുവിട്ടത്.
ഇതിനുപിന്നാലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 160 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ഹെൽത്ത് അതോറിറ്റി അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. 1000 ത്തിലേറെ പേർക്ക് പരിക്കുണ്ട്.
നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം തുടങ്ങിയത്. തുടർന്ന് ‘ഓപറേഷൻ അൽ-അഖ്സ ഫ്ളഡ്’ ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ആണ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്. പിന്നാലെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി. ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിലാണ് ഇസ്രായേൽ ഫലസ്തീനിൽ ആക്രമണം നടത്തുന്നത്.