ജറുസലം : ഇസ്രയേല്‍–ഹമാസ് ഏറ്റുമുട്ടലിൽ 400ൽ അധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിൽ 232 പേർ മരിച്ചതായി പലസ്തീന്‍ അറിയിച്ചു. ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ 200പേർ കൊല്ലപ്പെട്ടതായാണ് വിവരം. 1600ൽ അധികം പേർക്ക് പരുക്കേറ്റു.
യുദ്ധം തുടങ്ങിയതായും വിജയിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു. ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇന്നലെ രാവിലെ തീർത്തും അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. 20 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. ഒട്ടേറെ ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തു.
പലയിടങ്ങളിലും ഇസ്രയേൽ സൈന്യവും ഹമാസും ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. നുഴഞ്ഞുകയറിയ ഹമാസിന്റെ ആളുകൾ ഇസ്രയേലികളെ വ്യാപകമായി ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരിൽ പലരെയും ഹമാസിന്റെ ആളുകൾ ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.