ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇസ്രയേലും പാലസ്തീനുമുള്ള ഇന്ത്യക്കാര്‍ക്ക് ഏതാവശ്യത്തിനും ഇന്ത്യന്‍ എംബസികളെ ബന്ധപ്പെടാമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.
ഇസ്രയേലിനെതിരായ ഭീകരാക്രമണത്തില്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തിയെന്നും ഇസ്രയേലിലെ ജനങ്ങളോടുള്ള രാജ്യത്തിന്റെ ഐക്യദാര്‍ഢ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കും. എന്ത് തരത്തിലുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കാനും എംബസി സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും പൗരന്മാര്‍ക്ക് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലസ്തീനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബന്ധപ്പെടാനും എംബസി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് 0592916418 എന്ന നമ്പരില്‍ ബന്ധപ്പെടാമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇസ്രായേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക് +97235226748 എന്ന നമ്പരില്‍ ബന്ധപ്പെടാം.