ഹമാസ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ ഉയരുന്നു. ആക്രമണത്തിൽ മരണം 600 കടന്നതായി ഇസ്രായേൽ. പരിക്കേറ്റവരുടെ എണ്ണം 2000 പിന്നിട്ടെന്നും ഇസ്രായേൽ അറിയിച്ചു. രാജ്യത്തിനുള്ളിൽ കടന്ന് നടത്തിയ ആക്രമണത്തിന് ഗസ്സക്ക് മേൽ കൂടുതൽ വ്യോമാക്രമണം നടത്തുകയാണ് ഇസ്രായേൽ. വ്യോമാക്രമണവും ഏറ്റുമുട്ടലും ശക്തിയാർജിച്ചതോടെ ഇസ്രായേലിലും ഗസ്സയിലും മരണസംഖ്യ ഉയരുന്നു. ഗസ്സയിൽ മരണം 400ന് മുകളിലെത്തി. നാളെയോടെ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇസ്രായേൽ കവചിത വാഹനങ്ങൾ ലബനാൻ അതിർത്തിയിലേക്ക് കടന്നു. അതിനിടെ ലബനാനിൽ നിന്ന് ഹിസ്ബുല്ല ഇസ്രയേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ ആരോപിച്ചു. ഇതിന് തിരിച്ചടിയായി ഷെല്ലാക്രമണം നടത്തിയെന്ന് ഇസ്രയേലും സ്ഥിരീകരിച്ചു. യുദ്ധത്തിന് അനുമതി നൽകി ഇസ്രായേൽ മന്ത്രിസഭ. ഇതിന്റെ ഭാഗമായി ഗസ്സയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന പ്രക്രിയ തുടരുകയാണ്. രണ്ടു ദിവസമായി ഗസ്സക്കു മേൽ തുടരുന്ന ശക്തമായ വ്യോമാക്രമണത്തിൽ ആളപായം ഉയർന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, 400 ഹമാസ് പോരാളികളെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇസ്രായേലിന്റെ 44 സൈനികരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. വരും ദിവസങ്ങൾ നിർണായകമെന്നും ഹമാസ് നേതാക്കളെ വകവരുത്തുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. എന്നാൽ ഇസ്രയേൽ പ്രദേശങ്ങളിൽ കൂടുതൽ പോരാളികളെ രംഗത്തിറക്കിയതായി ഹമാസും വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെ ഗസ്സക്കുമേൽ ഇസ്രായേൽ ആരംഭിച്ച വ്യോമാക്രമണം കൂടുതൽ ശക്തമായി തുടരുകയാണ്. 450 ഇടങ്ങളിൽ ആക്രമണം നടന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സിവിലിയൻ കെട്ടിടങ്ങൾ പലതും ആക്രമണത്തിൽ നിലംപൊത്തി.
ഒട്ടുമിക്ക വിദേശവിമാന കമ്പനികളും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തി. തങ്ങളുടെ പൗരൻമാരെ അടിയന്തരമായി ഒഴിപ്പിക്കാൻ സൈനിക വിമാനം അയക്കുമെന്ന് പോളണ്ട് പ്രതിരോധ മന്ത്രി അറിയിച്ചു. ഈജിപ്തിൽ പൊലിസുകാരന്റെ വെടിയറ്റ് രണ്ട് ഇസ്രായേൽ വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാരോട് താമസ സ്ഥലത്തു തന്നെ തുടരാൻ ഇസ്രായേൽ നിർദേശം നൽകി.
ഇസ്രായേലിന്റെ കടന്നുകയറ്റം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് 57 അംഗ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി കുറ്റപ്പെടുത്തി. എന്നാൽ ഇസ്രായേലിന് സൈനിക, നയതന്ത്ര, ഇന്റലിജൻസ് സഹായം ഉറപ്പാക്കുമെന്ന് അമേരിക്ക സ്റ്റേറ്റ് സെക്രട്ടറി. സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ഇന്ന് രാത്രി യു.എൻ രക്ഷാസമിതി അടയന്തര യോഗം ചേരുന്നുണ്ട്.