Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ജാതി സർവേ നടത്താത്തത് എന്തുകൊണ്ടെന്ന് കോൺഗ്രസ്

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ജാതി സർവേ നടത്താത്തത് എന്തുകൊണ്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ബിഹാറിന് പിറകെ രാജസ്ഥാനിലും ജാതി സർവേ പ്രഖ്യാപിച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇത് നടത്താത്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനം പോലും ഇത്തരമൊരു നടപടിക്ക് തയാറാകാത്തതും രാജ്യവ്യാപകമായ ജാതി ​സെൻസസിന്റെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നതും എന്തുകൊണ്ടാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.

ഭാരത് ജോഡോ യാത്രയുമായി രാജസ്ഥാനിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയെ കണ്ട നിരവധി ഒ.ബി.സി സമുദായങ്ങൾ ജാതി സെൻസസ് നടത്തണമെന്ന ആവശ്യമുന്നയിച്ചിരുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു. അവരുടെ വാക്കുകൾ രാഹുൽ ഗാന്ധി ഗൗരവത്തിലെടുത്തത് കൊണ്ടാണ് രാജസ്ഥാൻ സർക്കാർ ജാതി സർവേ പ്രഖ്യാപിച്ചത്. പട്ടികജാതി പട്ടിക വർഗ, ഒ.ബി.സി വിഭാഗങ്ങൾക്ക് അനുസൃതമായ നയങ്ങളുണ്ടാക്കാൻ ഇതുമൂലം സാധ്യമാകും. ജനസംഖ്യാനുപാതികമായി ജനങ്ങൾക്ക് അവരുടെ അവകാശം നൽകേണ്ടത് സാമൂഹിക നീതി ഉറപ്പുവരുത്താൻ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിൽ മുഴുവൻ പൗരന്മാരുടെയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും സ്വന്തം നിലക്ക് ശേഖരിക്കാനുള്ള സർവേക്ക് സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയതായി സംസ്ഥാന സാമൂഹിക നീതി ശാക്തീകരണ വകുപ്പ് ശനിയാഴ്ച അർധരാത്രി പുറത്തിറക്കിയ ഉത്തരവിലാണ് അറിയിച്ചത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ജാതി അടിസ്ഥാനമാക്കി സർവേ നടത്തുമെന്നും ‘വലിയ പ്രാതിനിധ്യത്തിന് വലിയ പങ്കാളിത്തം’ എന്ന പാർട്ടി പ്രമേയം നടപ്പാക്കാനുള്ള യത്നത്തിലാണ് തങ്ങളെന്നും ഉത്തരവ് സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

സവർണ ജാതി താൽപര്യങ്ങൾക്ക് കാലങ്ങളായി മേൽക്കൈ ലഭിച്ചു​പോന്നിരുന്ന കോൺഗ്രസിന്റെ നിലപാട് മാറ്റത്തിലൂടെയാണ് ജാതി സെൻസസും വനിത സംവരണത്തിനുള്ളിൽ ഒ.ബി.സി സംവരണവും ‘ഇൻഡ്യ’ സഖ്യത്തിന്റെ അജണ്ടയായി മാറിയതെന്നാണ് വിലയിരുത്തൽ. രാജസ്ഥാനിലെ ഉദയ്പൂരിലെ ചിന്തൻശിവിരിലാണ് ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാറിനോട് പരസ്യമായി ആവശ്യപ്പെടാൻ കോൺഗ്രസ് ഔദ്യോഗികമായി തീരുമാനിച്ചത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments