ടെല്‍അവീവ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഗാസയില്‍ 500 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ ആക്രമണത്തില്‍ 600 ഓളം ഇസ്രായേലികൾ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഹമാസുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട 18 സൈനികരുടെ പട്ടിക പുറത്ത് വിട്ടു. ഇതിനിടെ ബന്ദികളാക്കിയവരെയും കാണാതായവരെയും കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഏകോപിപ്പിക്കാനായി വിരമിച്ച ബ്രിഗേഡിയർ ജനറൽ ഗാൽ ഹിർഷിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചുമതലപ്പെടുത്തി. ഇസ്രായേൽ ഡിഫൻസ് ഫോഴ്സിൻ്റെ മുൻ ബ്രിഗേഡിയർ ജനറലായിരുന്നു ഗാൽ ഹിർഷ്.
ഹമാസ് ആക്രമണത്തെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണമായ സാഹചര്യം നേരിടാന്‍ അടിയന്തര ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഇസ്രായേല്‍ ഉന്നത നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പലസ്തീനിലെ ജനങ്ങൾ അവരുടെ അവകാശങ്ങൾക്കായി പോരാടുന്നത് തുടരുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടനിലെ പലസ്തീൻ അംബാസഡർ ഹുസാം സോംലോട്ട് ഇതിനിടെ രംഗത്ത് വന്നിട്ടുണ്ട്. ‘പലസ്തീൻ ജനത എങ്ങും പോകുന്നില്ല. പലസ്തീൻ ജനതയ്ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. 100 വർഷവും ആവശ്യമെങ്കിൽ മറ്റൊരു 100 വർഷവും അവർ പോരാടുമെന്നും’ ഹുസാം സോംലോട്ട് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.