വാഷിങ്ടൺ: ഗസയിൽ ഹമാസുമായുള്ള സംഘർഷം തുടരുന്നതിനിടെ അമേരിക്കയിൽ നിന്ന് സൈനിക സഹായം അഭ്യർഥിച്ച് ഇസ്രായേൽ. ഹമാസിന്റെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇസ്രായേൽ അമേരിക്കയുടെ സഹായം തേടിയത്. വലിയ സൈനിക ശക്തി അവകാശപ്പെടുന്ന ഇസ്രയേൽ ഗസയിൽ പ്രതിരോധത്തിലായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അമേരിക്കയോടുള്ള സഹായ അഭ്യർഥന.
ഇസ്രായേലിന്റെ ആവശ്യത്തോട് അനുകൂല പ്രതികരണവുമായി അമേരിക്ക രംഗത്തെത്തി. ഇസ്രായേലിന് സൈനിക- നയതന്ത്ര- ഇന്റലിജൻസ് സഹായം ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. ലബനാനിൽ ഹിസ്ബുല്ലയുമായി പുതിയ യുദ്ധമുഖം തുറക്കാനുള്ള ഇസ്രായേൽ നീക്കം അമേരിക്ക ഇടപെട്ട് ഒഴിവാക്കുമെന്നും ബ്ലിങ്കെൻ പറഞ്ഞു.
തങ്ങൾക്കാവശ്യമായ സഹായങ്ങളുടെ പട്ടിക ഇസ്രായേൽ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. സൈനിക സഹായമുൾപ്പെടെയുള്ളവ നൽകുന്നത് സംബന്ധിച്ചുള്ള അമേരിക്കയുടെ പ്രഖ്യാപനം ഞായറാഴ്ച രാത്രി തന്നെയുണ്ടാവും. അമേരിക്കയെ കൂടാതെ ഇറ്റലി, യുക്രൈയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞിരുന്നു. അതേസമയം, സ്ഥിതിഗതികൾ ചർച്ചചെയ്യാൻ ഇന്ന് രാത്രി യു.എൻ രക്ഷാസമിതി അടിയന്തര യോഗം ചേരുന്നുണ്ട്.