ദോഹ: ഇസ്രയേല്‍-ഹമാസ് യുദ്ധം തുടരുന്ന സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയുമായി ഖത്തര്‍ രംഗത്തുവന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഹമാസുമായി ഖത്തര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഖത്തറിന്റെ ചര്‍ച്ചകള്‍ക്ക് പിന്തുണയുമായി അമേരിക്കയും രംഗത്തുവന്നു. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചതായാണ് സൂചന. സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെ മോചനത്തിനാണ് ശ്രമം നടക്കുന്നത്.
ഒരുലക്ഷത്തോളം റിസര്‍വ് സൈനികരെ ഇസ്രായേല്‍ ഗാസയ്ക്ക് സമീപം അണിനിരത്തിയിട്ടുണ്ട്. ഗാസയിലെ വീടുകളും അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും വ്യാപക നഷ്ടം സംഭവിച്ചിട്ടുണ്ട്. യുഎന്‍ ഹ്യുമാനിറ്റേറിയന്‍ റിലീഫ് ഏജന്‍സിയുടെ കണക്കനുസരിച്ച് ഏകദേശം 123,538 പലസ്തീനികളെ ഗാസയില്‍ മാറ്റിപ്പാര്‍പ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പലായനം ചെയ്യുന്നവര്‍ തീരമേഖലയിലെ 64 സ്‌കൂളുകളില്‍ തമ്പടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ ബഹുനില റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുള്ള നാല് വലിയ ടവറുകളും ഉള്‍പ്പെടുന്നു. 159 ഹൗസിംഗ് യൂണിറ്റുകള്‍ തകര്‍ന്നതായും 1,210 എണ്ണത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.