മോസ്കോ∙ ഇസ്രയേലും ഹമാസും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന പ്രഖ്യാപനവുമായി റഷ്യ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേലും പലസ്തീനുമായി ആശയവിനിമയം നടത്തിവരികയാണെന്നു റഷ്യ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെ ആരംഭിച്ച സംഘർഷം നാലാം ദിവസത്തിലേക്കു കടന്നെങ്കിലും, മധ്യസ്ഥത വഹിക്കാനുള്ള പ്രകടമായ ശ്രമം ഇനിയും റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം, ഇസ്രയേലും പലസ്തീനുമായി റഷ്യയ്ക്കുള്ള ഉറച്ച ബന്ധം അവർ ആവർത്തിച്ച് ഓർമിപ്പിക്കുകയും ചെയ്തു.
പലസ്തീനുമായി റഷ്യയ്ക്കു ചരിത്രപരമായി സുദീർഘമായ ബന്ധമാണുള്ളത്. അതേസമയം തന്നെ, ഇസ്രയേലുമായും ചില പൊതുവായ സമാനതകളുണ്ടെന്നു റഷ്യ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേൽ ജനങ്ങളിൽ ഒട്ടേറെ ആളുകൾ മുൻ റഷ്യൻ പൗരൻമാരാണെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ചൂണ്ടിക്കാട്ടി.
സംഘർഷത്തിനിടെ ഇരു വിഭാഗങ്ങളുമായും ഞങ്ങൾ ആശയവിനിമയം തുടരുകയാണ്. ഈ ബന്ധം നിലനിർത്തിക്കൊണ്ട് പ്രശ്ന പരിഹാരം സാധ്യമാകുന്ന പൊതുവേദികൾ കണ്ടെത്താനാണു ശ്രമം. നിർഭാഗ്യവശാൽ ഇപ്പോൾ കാണുന്നതുപോലെ അതൊന്നും അത്രകണ്ടു ഫലപ്രദമാകുന്നില്ലെന്നു മാത്രം. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് പ്രശ്നപരിഹാരത്തിനു ഞങ്ങളാൽ സാധിക്കുന്നതെല്ലാം ചെയ്യാനാണു ശ്രമം’’ – പെസ്കോവ് വിശദീകരിച്ചു.