ഗസ്സ/ജറൂസലം: ഹമാസ് മിന്നലാക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ നടത്തുന്ന, 75 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണത്തിൽ ഗസ്സയിൽ മരിച്ചു വീണത് 140 കുഞ്ഞുങ്ങൾ. ആകെ മരണം 700 കവിഞ്ഞു. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1008 ആയി. നിലക്കാത്ത ബോംബിങ്ങിൽ താമസകേന്ദ്രങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും നശിച്ചു.
കരയാക്രമണം ശക്തമാക്കാനൊരുങ്ങുകയാണ് ഇസ്രായേൽ. മുതിർന്ന ഹമാസ് നേതാവും ഗസ്സ ഭരണകൂടത്തിലെ ധനമന്ത്രിയുമായ ജിഹാദ് അബൂ ശമാലയും മറ്റൊരു നേതാവ് സകരിയ മുഅമ്മറും കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ ഏഴ് മാധ്യമപ്രവർത്തകരും മരിച്ചിട്ടുണ്ട്. ഇസ്രായേലിലെ അഷ്‍കലോൺ നഗരത്തിലേക്ക് ചൊവ്വാഴ്ച വൈകീട്ട് വീണ്ടും ഇസ്സുദ്ദീൻ അൽ ഖസ്സാം ബ്രിഗേഡ് റോക്കറ്റുകൾ തൊടുത്തു. ശനിയാഴ്ച ആക്രമണം നടത്തിയ 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. സമ്പൂർണ ഉപരോധത്തിനുപിന്നാലെ ജീവിതം ദുസ്സഹമായ ഗസ്സയിൽ വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലായതിനാൽ യഥാർഥ മരണക്കണക്ക് പുറത്തുവരുന്നില്ല. ഫലസ്തീനികളെ മനുഷ്യമൃഗങ്ങളെന്ന് വിശേഷിപ്പിച്ച ഇസ്രായേലി മിലിട്ടറി ജനറൽ ഗസ്സാൻ ഏലിയൻ, അവർക്ക് നരകമൊരുക്കുമെന്ന് ശപഥംചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തുമെന്ന് പ്രഖ്യാപിച്ച റഷ്യയും ഖത്തറും അനൗപചാരിക ചർച്ചകൾക്ക് തുടക്കംകുറിച്ചു. അമേരിക്കയുടെ നയപരാജയമാണ് ഫലസ്തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാക്കിയതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ കുറ്റപ്പെടുത്തി. ലക്ഷ്യം നേടിയാൽ വെടിനിർത്തലിനെക്കുറിച്ച് ഇസ്രായേലുമായി ചർച്ചക്ക് തയാറാണെന്ന് ഹമാസ് നേതാവ് മൂസ അബൂ മർസൂക് പറഞ്ഞു.
ഫലസ്തീൻ ജനതക്കൊപ്പം തന്നെയെന്ന് സൗദി അറേബ്യ പ്രസ്താവിച്ചു. ഫലസ്തീന് രണ്ടു കോടി ഡോളർ സഹായം നൽകുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചു. ഹമാസ് ആക്രമണത്തിന് പിന്നിൽ ഇറാന് പങ്കുണ്ടെന്ന ആരോപണം ആത്മീയനേതാവ് ആയത്തുല്ല അലി ഖാംനഈ നിഷേധിച്ചു.