തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിനും നങ്കൂരമിടാനാവുന്ന ഇന്ത്യയിലെ ഏക തുറമുഖമായി മാറുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പലിന് ഞായറാഴ്ച കേരളം ഔദ്യോഗിക സ്വീകരണം നല്‍കും. തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളുമായിട്ടാണ് കപ്പലെത്തുന്നത്.
230 മീറ്റര്‍ നീളമുള്ള കപ്പലിന് നിലവില്‍ കോണ്‍ക്രീറ്റിട്ട് പൂര്‍ത്തിയായ 275 മീറ്റര്‍ ബര്‍ത്തിലേക്ക് സുഖമായി അടുക്കാം. തുറമുഖത്തിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം പൂര്‍ത്തിയാകുമ്പോൾ ബര്‍ത്തിന്റെ നീളം 800 മീറ്ററാകും. ഏത് കൂറ്റന്‍ കപ്പലിനും നങ്കുരമിടാം. മൂന്ന് കിലോമീറ്റര്‍ നീളം വേണ്ട പുലിമുട്ടിന്റെ 2300 മീറ്ററും പൂര്‍ത്തിയായി.
എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രെയിനുകളുമാണ് തുറമുഖത്തിനു വേണ്ടത്. ഷെന്‍ഷോ 15 കപ്പലെത്തിക്കഴിഞ്ഞാല്‍ വരും മാസങ്ങളിലായി ബാക്കി ക്രെയിനുകളുമായി മറ്റ് കപ്പലുകള്‍ എത്തും. 10 ലക്ഷം കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് തുറമുഖത്തിന്റെ രൂപകല്‍പന. ഒന്നാം കപ്പലിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.