എല്ലാ യുദ്ധങ്ങള്‍ക്കും ഒടുവില്‍ സംഭവിക്കുന്നത് തന്നെ ഇസ്രായേലിലും സംഭവിക്കുന്നു. എഴുപത്തിയഞ്ച് വര്‍ഷത്തെ ഇസ്രയേലിന്‍റെ കടന്ന് കയറ്റത്തിനെതിരെ രണ്ടും കല്‍പ്പിച്ചുള്ള ഹമാസിന്‍റെ ആക്രണത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റ് യുദ്ധക്കളമാക്കപ്പെട്ടു. കഴിഞ്ഞ അഞ്ച് ദിവസമായി മിഡിലീസ്റ്റില്‍ റോക്കറ്റുകളിടെ പ്രകമ്പനമില്ലാത്ത മണിക്കൂറുളില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇസ്രായേലിന്‍റെ അതിര്‍ത്തിക്കുള്ളില്‍ കയറി പലസ്തീന്‍ ഹമാസ് നടത്തിയ കൂട്ടക്കുരുതിയെ കുറിച്ചുള്ള കൂടുതല്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഗാസ മുനമ്പിന് സമീപമുള്ള കഫർ ആസയിലെ സമൂഹത്തിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ കുഞ്ഞുങ്ങളും കുട്ടികളും ഉൾപ്പെടെയുള്ളവർ നിരവധി പേര്‍ കൊല്ലപ്പെട്ടു. എല്ലാ യുദ്ധങ്ങളിലെയുമെന്ന പോലെ കുട്ടികളും നിഷ്കരുണം കൊല ചെയ്യപ്പെട്ടു.
ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് ശേഷം ഗാസ മുനമ്പിന് സമീപമുള്ള ‘കഫർ ആസ’ (Kfar Aza) സമൂഹം കൂട്ടക്കൊല ചെയ്യപ്പെട്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്‍റെ 70 ഓളം പേരടങ്ങുന്ന സംഘമാണ് ‘കഫർ ആസ’ സമൂഹത്തിന് നേരെ അക്രമണം അഴിച്ച് വിട്ടത്. പ്രദേശത്ത് നിന്നും ഹമാസ് പിന്മാറിയതിന് പിന്നാലെ 40 കുഞ്ഞുങ്ങളും ചെറിയ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ചില കുട്ടികളുടെ തല വെട്ടിമാറ്റപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തുടനീളം മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്.
ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് മേജർ ജനറൽ ഇറ്റായി വെറൂവ് സംഭവത്തെ വിശേഷിപ്പിച്ചത് ‘കൂട്ടക്കൊല’ എന്നായിരുന്നു. ആക്രമണത്തിന് ശേഷം കുഞ്ഞുങ്ങളുടെയും മറ്റ് കുടുംബങ്ങളുടെയും അവശിഷ്ടങ്ങൾ അവരുടെ താമസ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു. നിലവില്‍ ഇസ്രായേലി സൈന്യത്തിന്‍റെ കൈവശമാണ് ഈ പ്രദേശം. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും റിസർവ് സൈനികർ പ്രദേശത്ത് മൃതദേഹങ്ങൾ നീക്കം ചെയ്യുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഫർ ആസ സമൂഹത്തിന് നേരെ ഹമാസ് തോക്കുകളും ഗ്രനേഡുകളും കത്തികളും ഉപയോഗിച്ചെന്ന് ഇസ്രായേലി സേന ആരോപിച്ചു. ആക്രമണത്തിന് പിന്നലെ തോക്കുകളും കഫർ ആസ സമൂഹം പ്രദേശത്ത് നിന്നും പലായനം ചെയ്തു. യുദ്ധത്തിനിടെ ഹമാസിന്‍റെ 1600 പേരും 1,000 ഇസ്രായേലികളും 830 ഫലസ്തീനികളും ഉൾപ്പെടെ 1,800 പേരും മരിച്ചതായി ഇസ്രായേല്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.