ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കാണാതായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തിലാണ് 13 വയസ്സുകാരിയുടെ മൃതദേഹം വികൃതമാക്കിയനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ശരീരമാസകലം മാരകമായി മുറിവേറ്റതായും കണ്ണുകള്‍ തകര്‍ത്തനിലയിലാണെന്നും പോലീസ് പറഞ്ഞു. കുട്ടി ബലാത്സംഗത്തിനിരയായോ എന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
മദ്രസയില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ഞായറാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഗ്രാമത്തിലെ കരിമ്പിന്‍ത്തോട്ടത്തില്‍ കുട്ടിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കണ്ണുകള്‍ കരിമ്പ് കൊണ്ട് കുത്തിപ്പൊട്ടിച്ചനിലയിലാണ്. വായില്‍ ചെളിനിറച്ചതായും കൊല്ലപ്പെടുന്നതിന് മുന്‍പ് ക്രൂരമായ ഉപദ്രവത്തിനിരയായിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള ഏഴുമുറിവുകളുണ്ടെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഡോക്ടര്‍ പ്രതികരിച്ചത്. ക്രൂരമായ ഉപദ്രവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും സ്വകാര്യഭാഗങ്ങളുടെ സമീപം മുറിവുകളുണ്ടെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും എ.എസ്.പി. നൈപാല്‍ സിങ് അറിയിച്ചു. നാലുസംഘങ്ങളായി തിരിഞ്ഞാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സാമൂഹികവിരുദ്ധരടക്കം നിരീക്ഷണത്തിലാണ്. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാകുമെന്നും എ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു