ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിന് നവംബർ ഒന്നിന് തുടക്കമാകും. ദക്ഷിണകൊറിയയാണ് ഇത്തവണത്തെ അതിഥി രാജ്യം. ഇന്ത്യയിൽ നിന്ന് കരീന കപൂർ, മോനിക ഹെലൻ, ഷെഫ് പിള്ള തുടങ്ങിയവർ അതിഥികളായി എത്തും.
‘വീ സ്പീക്ക് ബുക്സ്’ എന്ന പ്രമേയത്തിലാണ് 42ാമത് ഷാർജ രാജ്യാന്തര പുസ്തകോൽസവം ഒരുങ്ങുന്നത്. ഷാർജ എക്സ്പോ സെന്‍ററില്‍ നവംബർ ഒന്ന് മുതൽ 12 വരെയാണ് ഷാർജ രാജ്യാന്തര പുസ്തകമേള. വിവിധ ഭാഷകളിലായി 15 ലക്ഷം പുസ്തകങ്ങള്‍ ഇത്തവണ മേളയിലെത്തും. 108 രാജ്യങ്ങളിൽ നിന്നായി 2033 പ്രസാധകരുണ്ടാകും. ഇന്ത്യയിൽ നിന്ന് ഇക്കുറി 120 പ്രസാധകരാണ് എത്തുന്നത്. ബോളിവുഡ് താരം കരീന കപൂർ, ധനകാര്യ എഴുത്തുകാരി മോനിക ഹെലൻ, സുനിത വില്യംസ്, ഡച്ച് യോഗാചാര്യൻ സ്വാമി പൂർണചൈതന്യ, ഷെഫ് പിള്ള തുടങ്ങിയവർ അതിഥികളായി എത്തും. കൂടുതൽ അതിഥികളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.