ഫൊക്കാന സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു; യുവജന പങ്കാളിത്തം ശക്തിപ്പെടുത്താൻ വിപുലമായ കായിക പദ്ധതികൾ

Global Indian Writer · November 10, 2026 · 1 min read · 0 Comments · 0 Shares

ജിജി റ്റോം. ഫൊക്കാന പി. ആർ. ഓ.

ന്യൂയോർക്. ഫൊക്കാനയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള (2026–2028) സ്പോർട്സ് കമ്മിറ്റി രൂപീകരിച്ചു. അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിൽ കായികരംഗത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും കായികപ്രവർത്തനങ്ങളിലൂടെ യുവതലമുറയെ ഫൊക്കാനയുമായി കൂടുതൽ അടുപ്പിക്കുന്നതിനുമാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിൻഡോ ജോളിയെ സ്പോർട്സ് ഡയറക്ടറായും, ജിൻസ് ജോസഫിനെ സ്പോർട്സ് കോർഡിനേറ്ററായും നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. പ്രവീൺ തോമസ് സ്പോർട്സ് ചെയർമാനായും വിപിൻ രാജ് കോ-ചെയർമാനായും പ്രവർത്തിക്കും.

വർഷങ്ങളായി കായികരംഗത്തും പ്രത്യേകിച്ച് ക്രിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ കായികമേഖലകളിലും സംഘാടനമികവും പ്രവർത്തനപരിചയവും തെളിയിച്ചിട്ടുള്ള ലിൻഡോ ജോളിയുടെയും ജിൻസ് ജോസഫിന്റെയും നേതൃത്വം ഫൊക്കാനയുടെ കായികപ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് ഫൊക്കാന സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു. കായികരംഗത്തെ ഇവരുടെ അനുഭവസമ്പത്തും സംഘടനാപാടവവും പുതിയ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിന് സഹായകമാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.

നാലാം ക്ലാസിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ലിൻഡോ ജോളി, പിന്നീട് കോട്ടയം ജില്ലയെയും കേരള അണ്ടർ-16, അണ്ടർ-19 ക്രിക്കറ്റ് ടീമുകളെയും പ്രതിനിധീകരിച്ചു.അമേരിക്കയിലെ ഡേടോണ ഡോട്ട്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്ദേഹം, അമേരിക്കയിലും കാനഡയിലുമായി നിരവധി ക്രിക്കറ്റ് ടൂർണമെന്റുകളിലും ലീഗുകളിലും സജീവമാണ്. ഫുട്ബോൾ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിലും താൽപര്യമുള്ള ലിൻഡോയുടെ അനുഭവസമ്പത്തും നേതൃത്വപാടവവും ഫൊക്കാനയുടെ കായിക പ്രവർത്തനങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാകും.

വർഷങ്ങളായി അമേരിക്കൻ ക്രിക്കറ്റ് രംഗത്ത് സജീവ സാന്നിധ്യമായ ജിൻസ് ജോസഫ്, നിരവധി ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിലും വിജയകരമായി നടത്തുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗ് യുഎസ്എയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്ദേഹം കായികരംഗത്തെ സംഘാടന മികവുകൊണ്ടും നേതൃത്വപാടവം കൊണ്ടും ശ്രദ്ധേയനാണ്.ഫൊക്കാന സ്പോർട്സ് കോർഡിനേറ്ററെന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും സംഘാടന മികവും ഫൊക്കാനയുടെ കായിക പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും വലിയ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കായികരംഗത്തിലൂടെ പുതിയ തലമുറയെ ഫൊക്കാനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സ്പോർട്സ് കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം.അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിലായി വിവിധ കായിക ഇനങ്ങളിൽ പരിശീലന ക്യാമ്പുകൾ, സ്പോർട്സ് അക്കാദമികൾ, യുവജന കായികമേളകൾ, അന്തർസംസ്ഥാന ടൂർണമെന്റുകൾ എന്നിവ സംഘടിപ്പിക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് സ്പോർട്സ് കോർഡിനേറ്റർ ജിൻസ് ജോസഫ് അറിയിച്ചു.

പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരവും ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനവുമായ ഐ. എം. വിജയൻ ഫൊക്കാന സ്പോർട്സ് വിങ്ങിന്റെ ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതായി ലിൻഡോ ജോളി അറിയിച്ചു. ഇന്ത്യൻ കായികരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഐ. എം. വിജയന്റെ സാന്നിധ്യം ഫൊക്കാനയുടെ കായികസംരംഭങ്ങൾക്ക് കൂടുതൽ പ്രചോദനവും അംഗീകാരവും നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കായികരംഗത്ത് കഴിവുള്ള യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ആവശ്യമായ പ്രോത്സാഹനവും മാർഗനിർദേശവും നൽകുന്നതിനും പ്രമുഖ കായികതാരങ്ങളുടെയും പരിശീലകരുടെയും സഹകരണം ഉറപ്പാക്കുന്നതിനും കമ്മിറ്റി ശ്രമിക്കും. കായികമത്സരങ്ങൾ സംഘടിപ്പിക്കുക എന്നതിനപ്പുറം, കായികരംഗത്തെ ഒരു സാംസ്കാരികവും സാമൂഹികവുമായ കൂട്ടായ്മയുടെ വേദിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ലിൻഡോ ജോളി കൂട്ടിച്ചേർത്തു.

“കായികം ഒരു മത്സരം മാത്രമല്ല, തലമുറകളെ ഒന്നിപ്പിക്കുന്ന ശക്തമായ ഒരു ബന്ധം കൂടിയാണ്.” ഈ ആശയത്തെ മുൻനിർത്തി, കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന കായികപ്രവർത്തനങ്ങളിലൂടെ ഫൊക്കാനയുടെ കായികവിഭാഗത്തെ കൂടുതൽ സജീവമാക്കാനും, കായികരംഗത്തിലൂടെ യുവതലമുറയെ സംഘടനയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് പുതിയ നേതൃത്വത്തിന്റെ ലക്ഷ്യമെന്ന് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു

അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തിന്റെ കായികസ്വപ്നങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനൊപ്പം, യുവതലമുറയുടെ കഴിവുകളും നേതൃത്വവും വളർത്തിയെടുത്ത് അവരെ ഫൊക്കാനയുടെ ഭാവി നേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സ്പോർട്സ് കമ്മിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

സ്പോർട്സ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആൻറ്റോ വർക്കി എന്നിവർ ഭാവുകങ്ങൾ നേർന്നു.

Share this story

Leave a Comment

Your comment will be visible after admin approval.