ടെൽ അവീവ്: ഇസ്രയേൽ–ഹമാസ് പോരാട്ടം രൂക്ഷമാകുന്നതിനിടെ ഇസ്രയേലിനു പിന്തുണ ആവർത്തിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദർശനം. ബ്ലിങ്കനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും സംയുക്ത പ്രസ്താവന നടത്തി. അമേരിക്ക ഉള്ളിടത്തോളം കാലം ഇസ്രയേലിന് ഒറ്റയ്ക്കു പോരാടേണ്ടി വരില്ലെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ യുഎസിന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ സഹായിക്കുമെന്ന് ബ്ലിങ്കൻ പറഞ്ഞു. ബന്ദികളായവരിൽ ചിലർ യുഎസ് പൗരന്മാരാണെന്നും സംശയമുണ്ട്.
ഇസ്രായേലിനെ അമേരിക്ക എല്ലായ്‌പ്പോഴും പിന്തുണയ്‌ക്കുമെന്നും എന്നാൽ ഹമാസ് ഉൾപ്പെടാത്ത പലസ്തീനുകാർക്ക് നിയമപരമായ ചില അവകാശങ്ങൾ ഉണ്ടെന്നും ബ്ലിങ്കൻ പറഞ്ഞു. ‘‘നിങ്ങൾ സ്വയം പ്രതിരോധിക്കാൻ കരുത്തുള്ളവരായിരിക്കാം. എന്നാൽ അമേരിക്ക ഉള്ളിടത്തോളം കാലം നിങ്ങൾക്കത് ഒരിക്കലും ആവശ്യമില്ല. ഞങ്ങൾ എപ്പോഴും നിങ്ങളുടെ അരികിലുണ്ടാകും.’’– സംയുക്ത പ്രസ്താവനയിൽ ബ്ലിങ്കൻ പറഞ്ഞു.