ദമാം: രണ്ടാഴ്ച നീണ്ടു നിന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ സീസൺ -2 ന് സമാപനമായി. വിവിധ ഔട്ട് ലറ്റുകളിൽ ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സ്റ്റേജ് പ്രോഗ്രാമുകളും നടന്നു. കിഴക്കൻ പ്രാവിശ്യയിലെ അൽ കോബാർ,ജുബൈൽ എന്നിവിടങ്ങളിൽ നടന്ന ഫുഡ് ഫെസ്റ്റിവൽ മത്സരങ്ങൾക്ക് സിനിമാതാരം തെസ്നിഖാനും കലാഭവൻ ഷാജോണും മുഖ്യാഥികളായി.
മറ്റിടങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്ത അറബ് ഷെഫുമാർ ലൈവ് പാചകവും ലൈവ് ചാറ്റുമായി എത്തി. ഭക്ഷ്യ ഉത്പന്നങ്ങൾ വാങ്ങാനും പരിചയപ്പെടാനും ഫുഡ് ഫെസ്റ്റിവലിൽ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കിയിരുന്നു. വിവിധ നറുക്കെടുപ്പുകളിൽ സൗജന്യമായി തന്നെ പങ്കെടുക്കാനും മേള അവസരമൊരുക്കി.
അൽ കോബാർ ലുലുവിൽ താര പൊലിമയോടെ നടന്ന ആഘോഷരാവിൽ ആയിരങ്ങളാണ് എത്തിയത്. നൃത്തവും ഉപകരണ സംഗീതവും മാജിക്കും ഉൾപ്പെട്ട കലാ സന്ധ്യയും ഫുഡ് മത്സരവും കാണികൾക്ക് കൗതുകവും ഹൃദ്യമായ അനുഭവമായി. മൂന്ന് മണിക്കൂർ നീണ്ടു നിന്ന സ്റ്റേജ് പ്രോഗ്രാമിൽ ആദ്യന്തം നിറഞ്ഞു നിന്ന കാണികളുടെ പങ്കാളിത്തവും പ്രോത്സാഹനവും ഉത്സാഹഭരിതമായിരുന്നു. കാണികൾക്കായി നടന്ന പ്രശ്നോത്തരി മത്സരം വേറിട്ട അനുഭവവും. ഒട്ടേറെ പേർ കൈ നിറയെ സമ്മാനങ്ങളുമായാണ് മടങ്ങിയത്.
ആഘോഷരാവിന്റെ താര സാന്നിധ്യമായി എത്തിയ മലയാള സിനിമ താരം തെസ്നി ഖാനെ ലുലു അൽ കോബാർ ഔട്ട്ലറ്റ് ജനറൽ മാനേജർ ശ്യാം ഗോപാൽ, ഡെപ്യുട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി, ഫ്ലോർ മാനേജർ അമീൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
35 വർഷം പൂർത്തിയാക്കിയ തെസ്നിയുടെ കലാ സപര്യക്ക് ആദരവായി ലുലു പ്രത്യേക ഉപഹാരം സമർപ്പിച്ചു. ലുലു കിഴക്കൻ പ്രാവിശ്യ കൊമേർഷ്യൽ മാനേജർ ഹാഷിം കുഞ്ഞഹമ്മദ് മുഖ്യ സന്ദേശം നൽകി.
തെരഞ്ഞെടുക്കപ്പെട്ട 33 ഫൈനലിസ്റ്റുകൾ മാറ്റുരുച്ച ബിരിയാണി പാചക മത്സരമായിരുന്നു ഫുഡ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. ഡോ. മുബ്ഷിറ, അൻസ അനീഷ്, ജുത്തമ്മ മുഹമ്മദ്, കുബ്ര തസീൻ, സെയീദ കദീജ,ഷബാന ഷെയ്ക്, ഷജന ഹബീബ്, സുമന സതീഷ് അൽ ബിനിയ,റീം ഹസ്സൻ, ആയിഷ നിസ്സാർ, ഫാത്തിമ അമൃത്ത് ഖാൻ, സോബിയ ശേഷൻ, ഷാക്കിറ, ആതിര സരുൺ, ഹരിത വിവേക്, ജസീന മനാഫ്, ഷംസി മഷുദ്, ഷഹ്‌ന റഹീം, റഫ്സീന മുനവർ, സമീറ നിഖാത്ത്, ഫസീല റംഷാദ്, ഫരീഷ, റുക്‌സാന സമീർ, കരിഷ്മ അസ്‌ലം, അശ്വതി കെ, അമൃത ശ്രീലാൽ, ഷഹ്‌റ ബാനു, ഹുദ, ലാമിയ, റയ്ഹാന നാസർ, ഷബീറ ബഷീർ, ഉമറുൽ ഫറുക്ക് എന്നിവർ ഫുഡ് ഫെസ്റ്റിവൽ മത്സരത്തിൽ പ്രത്യേക കൗണ്ടറുകളിൽ വിഭവങ്ങളുമായി മാറ്റുരച്ചു. രുചി, ഡിസ്‌പ്ലെ,അവതരണം എന്നിങ്ങനെ വ്യത്യസ്ത ഘട്ടങ്ങളുടെ വിലയിരുത്തൽ നടത്തി തത്സമയം വിധി നിർണ്ണയം നടത്തി.
തെസ്നി ഖാന്റെ ലൈവ് പാചകവും മാജിക്കും ശ്രദ്ധ നേടി.
പാചക മത്സരത്തിൽ ഷംസി മഷുദ് ഒന്നാം സ്ഥാനവും ( 1000 റിയാൽ) റുക്‌സാന സമീർ രണ്ടാം സ്ഥാനവും ( 750 റിയാൽ) സമീറ നിക്കാത്ത് മൂന്നാം സ്ഥാനവും( 500 റിയാൽ) നേടി വിജയികളായി. വിജയികൾക്കും തത്സമയ മത്സരത്തിൽ പങ്കെടുത്തവർക്കും സിനിമാ താരം തെസ്നി ഖാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത സ്റ്റേജ് പെർഫോമിങ് ആർട്ടിസ്റ്റ്കളായ ദീപക് പോളും ഷഹാന റാണിയും അവതാരകരായി.പരിപാടിക്ക് ഷിജാസ്, റിനീസ്, ഹസീബ്,അജിലാഷ്, ആബിദ്, സുരേഷ്, അനസ്, അരുൺ, ഷെഗ്രി എന്നിവർ നേതൃത്വം നൽകി.