ദില്ലി: ഓപ്പറേഷന്‍ അജയുടെ ഭാഗമായി ഇന്ത്യ അയച്ച ആദ്യ ചാര്‍ട്ടേഡ് വിമാനം രാത്രിയോടെ ഇസ്രായേലിലെ ടെല്‍അവീവ് വിമാനത്താവളത്തിലിറങ്ങി. ഇന്ന് അര്‍ധരാത്രിയോടെ അവിടെനിന്നും മടങ്ങുന്ന വിമാനം നാളെ പുലര്‍ച്ചെ ആറോടെയായിരിക്കും ദില്ലിയിലെത്തുക. 220പേരാണ് വിമാനത്തിലുണ്ടാകുക. ആദ്യസംഘത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 11 മലയാളികളുണ്ടെന്നാണ് നോര്‍ക്ക നല്‍കുന്ന വിവരം. ഇസ്രായേലില്‍നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെനിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇന്ത്യയിലെത്തിക്കുന്നത്.
എ.ഐ 1140 നമ്പര്‍ വിമാനത്തിലാണ് മലയാളികളടക്കമുള്ള 220 ഇന്ത്യക്കാരുടെ സംഘം നാളെ രാവിലെ ദില്ലിയിലെത്തുക. രാവിലെ ആറോടെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലായിരിക്കും വിമാനമെത്തുക. ഓപ്പറേഷന്‍ അജയ്’ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ അറിയിച്ചു.