Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'അഴിമതി ആരോപിച്ചു, അന്വേഷണ കമ്മീഷനെ നിയോഗിച്ചു, മനുഷ്യച്ചങ്ങല തീര്‍ത്തു,വിഴിഞ്ഞം വൈകിയതിന് പിണറായി മാപ്പ് പറയണം' കെ...

‘അഴിമതി ആരോപിച്ചു, അന്വേഷണ കമ്മീഷനെ നിയോഗിച്ചു, മനുഷ്യച്ചങ്ങല തീര്‍ത്തു,വിഴിഞ്ഞം വൈകിയതിന് പിണറായി മാപ്പ് പറയണം’ കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിന്‍റെ  വികസന സ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വര്‍ഷം  വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം അഴിച്ചുവിട്ടത് അല്പത്തരമാണെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി പറഞ്ഞു. 5550 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും അന്വേഷണ കമ്മീഷനെ നിയോഗിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും പദ്ധതി അട്ടിമറിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ്. പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നെങ്കില്‍ നേരത്തെ നിശ്ചയിച്ചതുപോലെ 2019ല്‍ തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാകുമായിരുന്നു. 2015ല്‍ പരിസ്ഥിതി അനുമതി ഉള്‍പ്പെടെ എല്ലാ അനുമതികളും വാങ്ങിയെടുക്കുകയും കോടതി കേസുകള്‍ തീര്‍ക്കുകയും സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കുകയും പുനരധിവാസ പാക്കേജ് നടപ്പാക്കുകയും ചെയ്ത് പണി തുടങ്ങിയ ശേഷമാണ് യുഡിഎഫ് അധികാരം വിട്ടത്. 2019ല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ പാകത്തിലുള്ള എല്ലാ നടപടികളും അന്ന് പൂര്‍ത്തിയാക്കിയിരുന്നു. പിടിപ്പുകേടിന്‍റെ  പര്യായമായ പിണറായിക്കും സംഘത്തിനും അതുമായി മുന്നോട്ടുപോകാനായില്ല. 

പദ്ധതിയോട് അനുബന്ധമായി തീരേണ്ട വിഴിഞ്ഞം- ബാലരാമപുരം 12 കിമീ റോഡിന് ടെണ്ടര്‍ വിളിക്കാന്‍ പോലും പിണറായി സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയ പദ്ധതിയാണിത്. പിണറായി സര്‍ക്കാര്‍ 2016ല്‍ 500 കോടി രൂപ വകയിരുത്തിയ അഴീക്കല്‍ തുറമുഖ പദ്ധതിക്ക് ഇതുവരെ പ്രോജക്ട് റിപ്പോര്‍ട്ട് പോലും തയാറാക്കാന്‍ കഴിഞ്ഞില്ല എന്നിടത്താണ് രണ്ടു സര്‍ക്കാരുകളും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നത്. 

ഉമ്മന്‍ ചാണ്ടി പണപ്പെട്ടിയുമായി നില്ക്കുന്ന കാര്‍ട്ടൂണ്‍ സഹിതം ‘ 5000 കോടിയുടെ ഭൂമിതട്ടിപ്പും കടല്‍ക്കൊള്ളയും’ എന്ന കൂറ്റന്‍ തലക്കെട്ടിട്ടാണ് 2016 ഏപ്രില്‍ 25ന് ദേശാഭിമാനി പത്രം പുറത്തിറങ്ങിയത്. പിണറായി വിജയന്‍ അതിനും മേലെ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചു. പിബി അംഗം എംഎ ബേബി, വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയവരും ആരോപണങ്ങള്‍ അഴിച്ചുവിട്ടു. ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍നായരെ  അന്വേഷണ കമ്മീഷനായി നിയോഗിച്ചു. പക്ഷേ  അദ്ദേഹം ക്ലീന്‍ ചിറ്റ് നല്കി.  അഴിമതി ആരോപണം ഉന്നയിച്ച് പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആ നിശ്ചയദാര്‍ഢ്യമാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. 

പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയോട് വൈകിയ വേളയിലെങ്കിലും മാപ്പു പറയണം. അക്ഷന്തവ്യമായ തെറ്റിന് പരിഹാരമായി ഉമ്മന്‍ ചാണ്ടിയുടെ പേര് വിഴിഞ്ഞം തുറമുഖ പദ്ധതിക്കു നല്കുകയും വേണം. വിഴിഞ്ഞം പദ്ധതിക്കുശേഷം രാജ്യത്ത് ഇതുവരെ പുതിയൊരു തുറമുഖ പദ്ധതി ഉണ്ടായിട്ടില്ല. വിഴിഞ്ഞം തീരദേശവാസികളുടെ ഇനിയും പരിഹരിക്കാത്ത നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി സമവായത്തോടെ പദ്ധതി നടപ്പാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments