റിയാദ്: ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കൂടുതല്‍ ഇടപെടലുമായി സൗദി അറേബ്യ രംഗത്ത്. ഇതിൻ്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള ഇറ്റാലിയന്‍, ഫ്രഞ്ച് വിദേശ കാര്യ മന്ത്രിമാരുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. പലസ്തീന്‍ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരമാണ് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ഏക മാര്‍ഗമെന്ന് സൗദി വിദേശ കാര്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാഷ്ട്ര തലവന്മാരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് സൗദി വിദേശകാര്യ മന്ത്രിയുടെ ഇടപെടൽ.
ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അൻ്റോണിയോ തജാനിയുമായും ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിന്‍ കൊളോണയുമായുമാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള ടെലഫോണില്‍ സംസാരിച്ചത്. യുദ്ധത്തിൻ്റെ നിലവിലെ സാഹചര്യം ഭരണാധികാരികള്‍ വിലയിരുത്തി. പലസ്തീനുളള പിന്തുണ ആവര്‍ത്തിച്ച് വ്യക്തിമാക്കികൊണ്ടാണ് സൗദി വിദേകാര്യ മന്ത്രി ഇരുവരുമായും ചര്‍ച്ച നടത്തിയത്. ഗാസയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന സൈനിക നടപടിയെ സൗദി വിദേശകാര്യ മന്ത്രി അപലപിച്ചു.
പലസ്തീന്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണം.അത് മാത്രമാണ് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുളള ഏക മാര്‍ഗമെന്ന് ഫ്രഞ്ച് വിദേശ വിദേശ കാര്യ മന്ത്രിയുമായുളള ചര്‍ച്ചയില്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള പറഞ്ഞു. നിരായുധരായ സാധാരണക്കാര്‍ക്കെതിരായ സൈനിക നടപടി അവസാനിപ്പിക്കാനും അവരെ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹത്തിൻ്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിച്ച് കൊണ്ട് ഗാസയിലേക്കുള്ള ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും അനുവദിക്കുമെന്നും സൗദി വിദേശ കാര്യ മന്ത്രി അഭിപ്രായപ്പെട്ടു.
സാധാരണക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ അംഗീകരിക്കാനില്ലെന്ന നിലപാട് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനിയുമായുളള ചര്‍ച്ചയിലും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുള്ള ആവര്‍ത്തിച്ചു. ഗാസയുടെ ഉപരോധം പിന്‍വലിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടികാട്ടി. പലസ്തീന്‍ ജനതക്ക് നീതി കൈവരിക്കാന്‍ കഴിയുന്ന സമഗ്രമായ പരിഹാരം കണ്ടെത്തുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും സൗദി വിദേശ കാര്യ മന്ത്രി ആവശ്യപ്പെട്ടു.