തിരുവനന്തപുരം: ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ സിപിഐഎമ്മിന്റെ നിലപാട് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി കേന്ദ്ര കമ്മിറ്റി നിലപാട് വിശദീകരിച്ചാണ് ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്. സംസ്ഥാന നേതാക്കൾ വ്യത്യസ്ത നിലപാട് പറഞ്ഞ സാഹചര്യത്തിലാണ് നേതൃത്വം വിശദീകരണത്തിന് നിർബന്ധിതമായത്. ഗാസയുടെ അവസ്ഥ ദയനീയമെന്ന് എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ജൂതരുടെ നിയമ വിരുദ്ധ കുടിയേറ്റം തുടരുകയാണ്. പലസ്തീൻ ജനതയ്ക്ക് സ്വന്തമായി രാജ്യം നൽകണമെന്ന തീരുമാനം ഇതുവരെ നടപ്പായില്ല. പലസ്തീന് അർഹതപ്പെട്ട രാജ്യം നൽകണം. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രായേൽ ഒരു ദിവസം ഒരു പലസ്തീൻ കാരനെ കൊല്ലുന്നുണ്ട്. ഗാസയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. രണ്ട് ഭാഗത്തും നടന്നത് കുരുതിയാണ്, ഇത് അവസാനിക്കണം. ഹമാസ് നടത്തിയ അക്രമണം പ്രശ്നം പരിഹരിക്കാൻ പര്യാപ്തമല്ല. ഹമാസിനെ ഗാസയിൽ കൊണ്ട് വന്നത് സാമ്രാജ്യത്വമാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഏരിയാ തലത്തിൽ സിപിഐഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. ഒക്ടോബർ 20 വരെയുള്ള തീയതികളിലാണ് പരിപാടി. യു എൻ കരാർ നടപ്പാക്കുക, സമാധാനം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനകീയ കൂട്ടായ്മയെന്നും എം വി ഗോവിന്ദൻ അറിയിച്ചു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിഴിഞ്ഞം പദ്ധതി കേരളത്തിൻ്റെ വികസനത്തിന് ഊർജം നൽകും. വിഴിഞ്ഞം തുറമുഖമെന്ന ആശയം ഇ കെ നായനാരുടെ കാലത്ത് രൂപപ്പെട്ടതാണ്. സിപിഐഎം നേതൃത്വത്തിൽ ഒക്ടോബർ 15ന് പ്രാദേശിക തലത്തിൽ ആഹ്ലാദ പ്രകടനം നടത്തും. കോൺഗ്രസും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എല്ലാവരും ഏറ്റെടുത്തോട്ടെ എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതി നാലു വര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയശേഷം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണം നടത്തുന്നത് അല്പത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ ആരോപിച്ചിരുന്നു. 5550 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും അന്വേഷണ കമ്മീഷനെ നിയോഗിച്ചും മനുഷ്യച്ചങ്ങല തീര്‍ത്തും പദ്ധതി അട്ടിമറിക്കാന്‍ കിണഞ്ഞു ശ്രമിച്ചിട്ടും നടക്കാതെ പോയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ്. പിണറായി വിജയന് മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ വിഴിഞ്ഞം പദ്ധതിക്ക് ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.