ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി യുഎസിൽ എത്തി. സമാധാനകരാർ രൂപപ്പെടുമെങ്കിൽ തൽക്കാലം ഇറാനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മധ്യസ്ഥരായ ഖത്തർ ഇരു രാജ്യങ്ങളുമായും നിരന്തര സമ്പർക്കത്തിലാണ്.
അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിച്ചാൽ അടുത്തനിമിഷം യുഎസുമായി നേരിട്ടു ചർച്ചയ്ക്ക് തയാറാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗായി പറഞ്ഞു. നാവിക ഉപരോധം പിൻവലിക്കണമെന്നതും മരവിപ്പിച്ച സ്വത്ത് വിട്ടുനൽകണമെന്നതും ഇറാന്റെ ന്യായമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള ഇറാഖിന്റെ അതിർത്തികൾ അടച്ചു സമ്മർദം ചെലുത്താനുള്ള യുഎസ് നീക്കം വിലപ്പോകില്ലെന്നും ബാഗായി പറഞ്ഞു. എന്നാൽ, ഇറാന്റെ ആവശ്യങ്ങൾ അതിരുകടന്നതും പരിഹാസ്യവുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
സമാധാന നീക്കങ്ങൾ തുടരുന്നതിനിടെ, ഇറാഖിലെ സ്വയംഭരണ പ്രദേശമായ ഖുർദിസ്ഥാൻ മേഖലയിലെ ഖോർ മോറിൽ ദാനാ ഗ്യാസിന്റെ വാതകപാടത്തിനു നേരെ തീവ്രവാദികൾ ഡ്രോൺ ആക്രമണം നടത്തി. ഖുർദ് മേഖലയിലെ വൈദ്യുതി ഉൽപാദന കേന്ദ്രത്തിലേക്കുള്ള വാതക വിതരണം ഇതോടെ നിലച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇറാനിലെ ഖിഷെം ദ്വീപിൽ കഴിഞ്ഞ രാത്രിയും യുഎസ് വ്യോമാക്രമണം ഉണ്ടായി.
Leave a Comment
Your comment will be visible after admin approval.