അമ്മാൻ: ഇസ്രായേൽ -ഗസ്സ സംഘർഷം രൂക്ഷമായി തുടരവെ, യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇസ്രായേൽ സന്ദർശനത്തിന്റെ ഭാഗമായാണ് ബ്ലിങ്കെൻ ജോർഡനിലെത്തിയത്. ഗസ്സയിൽ അടിയന്തരമായി ഇടപെടണമെന്ന് മഹ്മൂദ് അബ്ബാസ് ബ്ലിങ്കെനോട് അഭ്യർഥിച്ചു.
ജോർഡൻ രാജാവ് അബ്ദുല്ലയുമായും ബ്ലിങ്കെൻ കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്തതിന് ശേഷമാണ് ബ്ലിങ്കെൻ ജോർഡനിലെത്തിയത്.
ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ രാജ്യങ്ങളും യു.എസ് വിദേശകാര്യ സെക്രട്ടറി സന്ദർശിക്കുന്നുണ്ട്. സംഘർഷം തുടരുന്നത് തടയാനും പരമാവധി ശ്രമിക്കുമെന്നും ഉപാധികളില്ലാതെ ബന്ദികളെ മോചിപ്പിക്കാൻ ഹമാസിൽ സമ്മർദം ചെലുത്തുമെന്നും ബ്ലിങ്കെൻ തെൽഅവീവിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഹമാസ് ആക്രമണത്തിൽ 25 അമേരിക്കൻ പൗരൻമാർ കൊല്ലപ്പെട്ടതായും ബ്ലിങ്കെൻ സൂചിപ്പിച്ചു.