പ്രതിവർഷം 33 ലക്ഷത്തിലേറെ മരണം, കാലാവസ്ഥാ വ്യതിയാനം കോവിഡിനേക്കാള്‍ മാരകമെന്ന് മുന്നറിയിപ്പ്‌

Global Indian Writer · November 10, 2026 · 1 min read · 0 Comments · 0 Shares

അന്റാലിയ: കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് 33 ലക്ഷത്തിലേറെ പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്‌ കോവിഡ് മഹാമാരിക്ക് സമാനമായ വലിയൊരു ആരോഗ്യ പ്രതിസന്ധിയായി മാറിയെന്ന് യുഎൻ ക്ലൈമറ്റ് ചേഞ്ച് എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീൽ മുന്നറിയിപ്പ് നൽകി. തുർക്കിയിലെ അന്റാലിയയിൽ ആരംഭിച്ച COP31 ഉച്ചകോടിയിലാണ് ലോകരാഷ്ട്രങ്ങൾക്ക് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

നവംബർ 9 മുതൽ 20 വരെയാണ് തുർക്കിയിൽ ഈ വർഷത്തെ COP31 ഉച്ചകോടി നടക്കുന്നത്. ഇതിന്റെ ഭാഗമായി സംസാരിക്കവെ, വായു മലിനീകരണവും കടുത്ത ചൂടും ജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ ദുരന്തങ്ങൾ ആശുപത്രികളുടെ പ്രവർത്തനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർത്തെറിയുകയാണ്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലുകളും ആരോഗ്യമേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള വിദഗ്ധർ ചേർന്ന് തയാറാക്കിയ ‘ലാൻസെറ്റ് കൗണ്ട്ഡൗൺ 2026’ പഠന റിപ്പോർട്ടും ഇക്കാര്യത്തിൽ ഗൗരവമായ മുന്നറിയിപ്പാണ് നൽകുന്നത്. അന്തരീക്ഷ മലിനീകരണവും കടുത്ത ചൂടും മൂലം ലോകമെമ്പാടും പ്രതിവർഷം 33 ലക്ഷത്തോളം ആളുകൾ ജീവൻ വെടിയുന്നുണ്ടെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഒരു ദശാപ്തത്തിലേറെയായി ഭൂമിയിലെ താപനില സർവകാല റെക്കോർഡിലാണെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) നവംബർ 9-ലെ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2026 ഉൾപ്പെടെയുള്ള കഴിഞ്ഞ നാല് വർഷങ്ങളാണ് ഇതിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ കാലയളവ്. അന്തരീക്ഷ താപനില വർധിക്കുന്നതിന് പുറമെ വരൾച്ചയും കനത്ത മഴയും കാട്ടുതീയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന്റെ ആഘാതമെന്നോണം കോളറ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളും വ്യാപകമായി പടരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.