തിരുവനന്തപുരം: തുറമുഖ ഉദ്ഘടനത്തിൽ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. ലത്തീൻ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചു. പദ്ധതി നിർത്തിവെക്കണമെന്നത് സർക്കാർ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സർക്കാരിനിത് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്നം അല്ല. പ്രശ്നം ഉണ്ടെങ്കിൽ ഏത് ഘട്ടത്തിലും ആരുമായും ചർച്ചക്ക് തയ്യാറാണ്. കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ തലോലിച്ച സ്വപ്നം നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കും. മത്സ്യ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികൾക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ ആഘോഷിക്കുന്നതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര ആരോപിച്ചു. വിഴിഞ്ഞത്ത് പൂർത്തിയായത് 60 ശതമാനം പണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പലരും നാളെ കരിദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നതായും എന്നാൽ സഭ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. സർക്കാർ തങ്ങളുടെ അനുമതി ഇല്ലാതെ ആർച്ച് ബിഷപിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസിൽ വച്ചതായും ഭരണാധികാരികൾ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും യുജിൻ പെരേര ആരോപിച്ചു. അതേസമയം നാളത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ആർക്കും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി സജി ചെറിയാൻ വിഴിഞ്ഞം ലത്തീൻ ഇടവക വികാരി മോൺസിംഗർ നിക്കോളാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങൾ വികസനത്തിനെതിരല്ലെന്നും എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമായിരുന്നു ചർച്ചക്ക് ശേഷമുള്ള മോൺസിംഗർ നിക്കോളാസിന്റെ പ്രതികരണം. മന്ത്രിയിൽ നിന്നും ഉണ്ടായത് അനുകൂലമായ സമീപനമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.