കോഴിക്കോട്: ഫലസ്തീൻ-ഇസ്രായേൽ സമാധാന ചർച്ചകൾക്ക് ഇന്ത്യ പ്രത്യേക പ്രതിനിധിസംഘത്തെ നിയോഗിക്കണമെന്ന് ആൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന ഫലസ്തീൻ പ്രാർഥന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ സമാധാനാന്തരീക്ഷത്തിൽ ഇസ്രായേൽ ഫലസ്തീൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഫലസ്തീൻ പരമാധികാരത്തെ അംഗീകരിക്കുന്ന ഇന്ത്യയുടെ നടപടി ലോക രാഷ്ട്രങ്ങൾക്ക് മാതൃകയാണ്. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നവർക്ക് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നതിലും ഇന്ത്യ മുൻപന്തിയിൽ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനവാസ കേന്ദ്രങ്ങൾ മുന്നറിയിപ്പില്ലാതെ ആക്രമിക്കുന്ന ഇസ്രായേൽ നടപടി നീതികരിക്കാവുന്നതല്ല. ഫലസ്തീൻ ജനതയുടെ സമാധാനത്തിനായി പ്രാർഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം സംസ്ഥാനത്തെങ്ങും പള്ളികളിൽ പ്രത്യേക പ്രാർഥന സംഗമങ്ങൾ നടന്നു.