തിരുവനന്തപുരം:കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിലും ഇഡി അന്വേഷണം. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി. കണ്ടല ബാങ്ക് തട്ടിപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്. കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് ഉള്‍പ്പെടെ അന്വേഷണ പരിധിയില്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായാണ് ഇഡി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
കോടികളുടെ വന്‍ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ നടന്നത്. ക്രമക്കേട് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണവും നടക്കുന്നുണ്ടെങ്കിലും ഇതുവരെ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ല. നിക്ഷേപ തട്ടിപ്പില്‍ കണ്ടല ബാങ്ക് പ്രസിഡന്‍റ് ഭാസുരംഗനെതിരെ 66 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. ഭാസുരാംഗന്‍റെ തട്ടിപ്പ് അക്കമിട്ട് നിരത്തുന്ന നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഇയാൾ ഇപ്പോഴും മിൽമയുടെ അഡ്മിനിസ്ട്രേറ്ററായി തുടരുകയാണ്.
പല തരം തട്ടിപ്പുകളാണ് കണ്ടലയിൽ ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്നത്. ഒന്നിട്ടാൽ രണ്ട്, രണ്ടിട്ടാൽ നാല് എന്നിങ്ങനെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ തട്ടിപ്പ് രീതി വരെ നടത്തിയിരുന്നുഭാസുരാംഗൻ. സൗഭാഗ്യനിക്ഷേപം, നിത്യനിധി എന്നിങ്ങനെയുള്ള പേരിലുള്ള ഇരട്ടിപ്പ് തട്ടിപ്പും സഹകരണ രജിസ്ട്രാര്‍ കണ്ടെത്തിയിരുന്നു. സഹകരണ നിയമത്തിനന് വിരുദ്ധമായായിരുന്നു ഇരട്ടിപ്പ് ഇടപാട്. ഒരിക്കൽ നിക്ഷേപിച്ചാൽ വർഷങ്ങള്‍ കഴിഞ്ഞുമാത്രമാണ് നിക്ഷേപകനെത്തുക. ഇതു അറിയാവുന്ന ഭാസുരംഗനും ബാങ്ക് ഭരണസമിതിയും ഈ പണമെടുത്ത് വകമാറ്റി.
എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയപ്പോൾ ബാങ്ക് കൂപ്പുകുത്തി. 1500ൽ പരം നിക്ഷേപകർക്ക് പണം നഷ്ടമായി. വലിയ ക്രമക്കേട് നടത്തിയ ഭാസുരാംഗനെതിരെയും ഭരണസമിതി അംഗങ്ങള്‍ക്കതിരെയും പലരും പരാതിയുമായി മാറന്നല്ലൂർ പൊലീസിനെ സമീപിച്ചു. ആദ്യം കേസെടുക്കാൻ പൊലിസ് തയ്യാറായില്ല. പ്രതിഷേധമുയര്‍ന്നതോടെ 66 കേസുകള്‍ ഇതേവരെ രജിസ്റ്റർ ചെയ്തു. എല്ലാത്തിലും ഒന്നാം പ്രതി ഭാസുരാംഗനാണ്. എന്നാല്‍, തുടര്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് പിന്നാലെ കണ്ടല ബാങ്ക് ക്രമക്കേടിന്‍റെ വിവരങ്ങളും ഇഡി തേടുന്നത്.