വിജയ് ചിത്രം ലിയോ തമിഴ്നാടിന് മുന്‍പേ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും. പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കണം എന്ന വിതരണക്കാരുടെ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചു. പുലര്‍ച്ചെ നാലിനുള്ള പ്രത്യേക ഷോയ്ക്കാണ് അനുമതി നല്‍കിയത്. തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതിയില്ലാത്തതിനാലാണ് കേരളത്തിലും ഷോ വൈകി തുടങ്ങിയാല്‍ മതിയെന്ന് നേരത്തേ തീരുമാനം ഉണ്ടായത്.
റിലീസ് ദിനമായ ഒക്ടോബർ 19ന് പുലര്‍ച്ചെ നാലിനും ഒൻപതിനുമായി രണ്ട് സ്പെഷ്യൽ ഷോകളും 20 മുതല്‍ 24 വരെയുള്ള ദിനങ്ങളില്‍ രാവിലെ ഏഴിന് ഒരു സ്പെഷ്യല്‍ ഷോയും നടത്താനുള്ള അനുമതിക്കായാണ് നിര്‍മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചത്. റിലീസ് ദിവസം ഉള്‍പ്പെടെ ഒരു സ്പെഷല്‍ ഷോയും ചേര്‍ത്ത് പ്രതിദിനം അഞ്ച് ഷോകള്‍ നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.
ആദ്യ ഷോ രാവിലെ ഒൻപതിന് മാത്രമേ ആരംഭിക്കാവൂയെന്നാണ് തമിഴ്നാട് സർക്കാറിന്റെ ഉത്തരവില്‍ പറയുന്നത്. പുലര്‍ച്ചെ 1.30 നകം പ്രദർശനം അവസാനിപ്പിക്കുകയും വേണം. കേരളത്തില്‍ നേരത്തെ ഷോ തുടങ്ങിയാല്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേളത്തിലും ഷോ വൈകി തുടങ്ങിയാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തിയത്.