സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അടുത്തറിഞ്ഞ് അവര്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന വ്യക്തിത്വം. സൗഹൃദത്തിനും സ്‌നേഹ ബന്ധങ്ങള്‍ക്കും എല്ലാ കാലത്തും വലിയ വില നല്‍കുന്ന നല്ല മനുഷ്യന്‍. ഒരു നാടിനെ തന്നെ പേരിനൊപ്പം ചേര്‍ത്ത, ആ നാടുപോലെ നല്ലൊരാള്‍, കലഞ്ഞൂര്‍ മധു. പൊതുപ്രവര്‍ത്തനം ജീവിത വ്രതമാക്കിയ വ്യക്തിത്വം. മറ്റുള്ളവരുടെ ആവശ്യങ്ങളറിഞ്ഞ് അവര്‍ക്കൊപ്പം നിലകൊള്ളുമ്പോഴാണ് നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നതെന്ന പക്ഷകാരനാണ് എന്നും കലഞ്ഞൂര്‍ മധു. അതുകൊണ്ടുതന്നെ എല്ലാ കാലത്തും അദ്ദേഹത്തെ തേടി വലിയ നേട്ടങ്ങളെത്തി. ഇപ്പോഴിതാ ധനലക്ഷ്മി ബാങ്കിന്റെ ചെയര്‍മാനായി കലഞ്ഞൂര്‍ മധുവെത്തുമ്പോള്‍ അത് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കുള്ള സന്തോഷം കൂടിയാണ്.
പൊതുപ്രവര്‍ത്തനവും സാമൂഹിക സേവനവുമായിരുന്നു ആ വ്യക്തിത്വത്തിന്റെ തലയെടുപ്പ്. ചെറുപ്പകാലം മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി നിലകൊണ്ടു. എന്‍. എസ്.എസ്സിന്റെ നേതൃനിരയില്‍ നിന്നുകൊണ്ട് അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്കും മാതൃകയായി. സമുദായ പ്രവര്‍ത്തനരംഗത്ത് അത്തരത്തില്‍ കാല്‍നൂറ്റാണ്ടിലേറെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞത് ആ വ്യക്തിത്വത്തിന്റെ സവിശേഷതകൊണ്ടു മാത്രമാണ്. എന്‍.എസ്.എസിന്റെ ജനകീയ പദ്ധതിയായ പത്മ കഫേയുടെ ഉപജ്ഞാതാവു കൂടിയാണ് കലഞ്ഞൂര്‍ മധു. സംഘടനയുടെ സാമ്പത്തിക നേട്ടത്തിനൊപ്പം നിരവധി ആളുകളില്‍ ഇത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. അടൂരില്‍ തുടങ്ങിവെച്ച ഈ മുന്നേറ്റമിന്ന് കേരളം മുഴുവന്‍ ഏറ്റുപിടിച്ചു. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ നാമധേയവുമായി ബന്ധപ്പെട്ട് പത്മ എന്ന പേരിട്ടത്തും കലഞ്ഞൂര്‍ മധു തന്നെ. അടൂര്‍ നഗരത്തില്‍ യൂണിയന്‍ ഓഫിസിനോടു ചേര്‍ന്ന് നിലച്ചുകിടന്ന ഓഡിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കിയത് കലഞ്ഞൂര്‍ മധു യൂണിയന്‍ പ്രസിഡന്റായ ശേഷമാണ് എന്നതും ശ്രദ്ധേയമാണ്.
സാമൂഹിക സേവന രംഗത്ത് അദ്ദേഹം നടത്തി വന്ന പ്രവര്‍ത്തനങ്ങളെ നന്ദിയോടെ മാത്രമേ നമുക്ക് സ്മരിക്കാന്‍ കഴിയൂ. കോവിഡ്, പ്രളയംപോലെയുള്ള പ്രതിസന്ധിയുടെ കാലത്ത് മറ്റുള്ളവര്‍ക്ക് സാന്ത്വനത്തിന്റെ കരുതലൊരുക്കി. സൗജന്യമായി ഭക്ഷണവും മറ്റ് അവശ്യ സേവനങ്ങളും പകര്‍ന്നു. കോവിഡ് കാലത്ത് പത്മ കഫേയിലെ ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ വേതനം നല്‍കിയത് മറ്റുള്ളവര്‍ക്കും മാതൃകയായി. എല്ലാ വിഭാഗം ജനങ്ങളുടെയും ഒരേ പോലെ സ്നേഹിക്കുകയും ചേർത്തുപിടിക്കുകയും ചെയ്തു.
എല്ലാത്തരത്തിലുള്ള ആളുകളോടും ചിരിച്ച മുഖവുമായി ഒരേപോലെ ഇടപെടുന്ന വലിയ വ്യക്തിത്വത്തിന്റെ ഉടമകൂടിയാണ് കലഞ്ഞൂര്‍ മധു. സ്‌നേഹംകൊണ്ട് ലോകം കീഴടക്കാമെന്നും കരുണകൊണ്ട് നന്മയുടെ ലോകം പടുത്തുയര്‍ത്താമെന്നും പറയാതെ പറയുന്നൊരാള്‍.