പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :ഇസ്രായേൽ-ഹമാസ് സംഘർഷം പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാനും സിവിലിയൻമാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് യു എസ് പിന്തുണ നൽകുമെന്നും പ്രസിഡന്റ് ജോ ബൈഡൻ.
ഗാസയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും നിരപരാധികളായ ഫലസ്തീൻ കുടുംബങ്ങളാണെന്നും ഹമാസുമായി യാതൊരു ബന്ധവുമില്ലെന്നും ബൈഡൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഹമാസിന്റെ ആക്രമണത്തിന് ശേഷം പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ബൈഡൻ ആദ്യമായി ഫോണിൽ ബന്ധപെട്ടാണ് ഗാസയിലെ മാനുഷിക ശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തത് . അതേസമയം ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനുള്ള സുരക്ഷിതമായ വഴി ഉടന്‍ തുറക്കണമെന്ന് അബ്ബാസ് ബൈഡനോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ ഉപകരണങ്ങളും വെള്ളവും വൈദ്യുതിയും എണ്ണയും ഗാസയിലേക്ക് വിതരണം ചെയ്യണം. പാലസ്തീനികള്‍ ഗാസ മുനമ്പില്‍ നിന്ന് കുടിയൊഴിഞ്ഞ് പോകില്ലെന്നും അദ്ദേഹം ബൈഡനെ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാരുടെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായേലിനെതിരായ ഹമാസിന്റെ ക്രൂരമായ ആക്രമണത്തെ പ്രസിഡന്റ് ബൈഡൻ അപലപിക്കുകയും ഫലസ്തീൻ ജനതയുടെ അന്തസ്സിനും സ്വയം നിർണ്ണയാവകാശത്തിനുമായി ഹമാസ് നിലകൊള്ളുന്നില്ലെന്നും ആവർത്തികുകയും ചെയ്തു
എല്ലാ സിവിലിയന്മാർക്കും വെള്ളം, ഭക്ഷണം, വൈദ്യസഹായം എന്നിവ ലഭ്യമാക്കുന്നതിന് ഐക്യരാഷ്ട്രസഭ, ഈജിപ്ത്, ജോർദാൻ, മേഖലയിലെ മറ്റ് രാജ്യങ്ങൾ എന്നിവയുമായി ഏകോപിപ്പിക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ഇരു നേതാക്കളുമായും സംസാരിച്ചു.
രണ്ട് കോളുകളിലും, സംഘർഷം വര്ധിക്കുന്നത് തടയേണ്ടതിന്റെ ആവശ്യകത ബൈഡൻ ഊന്നിപ്പറഞ്ഞു, ഹമാസിനെ പിന്തുണച്ച ഇറാൻ പോലുള്ള മറ്റ് കക്ഷികൾ അല്ലെങ്കിൽ ഇറാന്റെ പിന്തുണയുള്ള ലെബനീസ് തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ള യുദ്ധത്തിലേക്ക് ചാടിയേക്കുമെന്ന വ്യാപകമായ ആശങ്ക പ്രതിഫലിപ്പിക്കുന്നു.