വിഴിഞ്ഞം: ലോകോത്തര തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റണമെന്നും സര്‍ക്കാരിന്റെ എല്ലാ പോസിറ്റീവായ കാര്യങ്ങള്‍ക്കും പിന്തുണയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ്വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതെന്നും 6000 കോടിയുടെ കടല്‍ക്കൊള്ളയാണെന്ന് പറഞ്ഞപ്പോഴും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെന്നും വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ വി ഡി സതീശന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന് പരിസ്ഥിതി അനുമതിയടക്കം എല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാങ്ങിയെടുത്തു. വികസനം വരാനിരിക്കുന്ന ഭാവി തലമുറക്ക് വേണ്ടിയുള്ളതാണ്. വികസനം പ്രദേശത്ത് ജീവിക്കുന്ന മനുഷ്യരെ സിമന്റ് ഗോഡൗണിലേക്ക് തള്ളിവിടുന്നതാവരുത്. വികസനത്തിന്റെ ഇരകളുണ്ടാവുന്നുണ്ട്. തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ എല്ലാവര്‍ക്കും പുനരധിവാസം ഉറപ്പാക്കണം. ആഗ്രഹിക്കുന്ന സമയത്ത് തന്നെ പദ്ധതി തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിഫലനമാണ് പദ്ധതിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ചടങ്ങില്‍ പറഞ്ഞു. രാജ്യത്തിനാകെയും അഭിമാനമായ പദ്ധതിയാണിത്. ദേശീയ പാതാ വികസനം അടക്കം സദ്ഭരണ പ്രതീതി ഉണ്ടാകുന്നതില്‍ സന്തോഷമുണ്ട്. വിഴിഞ്ഞം പൂര്‍ണമായാല്‍ വലിയ പ്രതീക്ഷയേകും. കേന്ദ്ര സര്‍ക്കാര്‍ അതിവേഗം മുന്നേറ്റം നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം രാജ്യ വളര്‍ച്ചയ്ക്ക് പ്രധാനമാണെന്നും വി മുരളീധരന്‍ പറഞ്ഞു.