വാഷിങ്ടൺ: യു.എസിലെ മേരിലാൻഡിൽ ഇന്ത്യയുടെ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 19 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. അംബേദ്കറുടെ ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരംകൂടിയ പ്രതിമയാണിത്. അനാച്ഛാദന ചടങ്ങിൽ ഇന്ത്യൻ വംശജരും മറ്റു രാജ്യക്കാരുമായ 500ലധികം പേർ പങ്കെടുത്തു.
ഗുജറാത്തിൽ സ്റ്റാച്യു ഓഫ് യൂനിറ്റി എന്ന സർദാർ വല്ലഭായ് പട്ടേൽ പ്രതിമ നിർമിച്ച രാം സുതാറാണ് അംബേദ്കർ പ്രതിമയുടെയും ശിൽപി. ഇത് സമത്വത്തിന്റെ പ്രതിമയാണെന്ന് അംബേദ്കർ ഇന്റർനാഷനൽ സെന്റർ പ്രസിഡന്റ് രാംകുമാർ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിൽനിന്നും ഞങ്ങൾക്ക് അഭിനന്ദന സന്ദേശം ലഭിച്ചതായി യു.എസിലെ അംബേദ്കറൈറ്റ് പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന ന്യൂയോർക്കിൽനിന്നുള്ള ദിലീപ് മസ്കെ പറഞ്ഞു.