ഗുവാഹത്തി: മണിപ്പൂരിനെക്കാൾ പ്രധാനമന്ത്രിക്ക് ശ്രദ്ധ ഇസ്രയേലിലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാമില്‍ കോണ്‍ഗ്രസിന്റെ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മെയ് മാസത്തില്‍ ആരംഭിച്ച കലാപത്തിന് ശേഷം ഇതുവരെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല എന്നത് ലജ്ജിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജൂണില്‍ താൻ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. വിശ്വസിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് അവിടെ കണ്ടത്. മണിപ്പൂർ എന്ന ആശയത്തെ ബിജെപി നശിപ്പിച്ചിരിക്കുകയാണ്. മണിപ്പൂർ ഇപ്പോൾ രണ്ട് സംസ്ഥാനമായി മാറി. സ്ത്രീകളെ പീഡിപ്പിക്കുന്നു, കുട്ടികളെ കൊലപ്പെടുത്തുന്നു അങ്ങനെയൊരു സംസ്ഥാനത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ആശങ്കയില്ല. എന്നാല്‍ ഇസ്രയേലിനെക്കുറിച്ച് സംസാരിക്കുന്നു എന്ന് രാഹുൽ വിമർശിച്ചു.
മണിപ്പൂരിലെ സംഭവങ്ങൾ ഉദാഹരണം മാത്രമാണെന്നും ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മണിപ്പൂരിലേതിന് സമാനമായ സംഭവങ്ങൾ ഉടനീളം കാണാൻ കഴിയും. ബിജെപി ദളിതരെയും ന്യൂനപക്ഷത്തെയും ആക്രമിക്കുകയാണ് എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഐസ്വാളിലെ ചന്മാരിയിൽ നിന്ന് രാജ്ഭവൻ വരെ രാഹുൽ പദയാത്ര നടത്തി.
മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. 39 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. രാഹുൽ ഗാന്ധിയുടെ മിസോറാം സന്ദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടന്നത്. 40 അംഗ മിസോറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ ഏഴിനാണ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.