തിരുവനന്തപുരം : കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രവാസി ഭദ്രത പദ്ധതി തുടരുന്നതിന് ഉത്തരവായി. കുടുംബശ്രീ മുഖേന ചെറിയ സംരംഭങ്ങൾ തുടങ്ങുന്നതിന് നാനോ എന്റർപ്രൈസസ് അസിസ്റ്റൻസ് പദ്ധതിക്ക് പ്രവാസി ഭദ്രതാ പേൾ എന്ന സ്കീം തുടങ്ങി. ഇതിന് കുടുംബശ്രീ വഴിയാണ് അപേക്ഷിക്കേണ്ടത്. 2 ലക്ഷം വരെ പലിശയില്ലാ വായ്പകൾ ലഭിക്കും.
കേരള ബാങ്ക്, കെഎസ്എഫ്ഇ വഴി സാമ്പത്തിക സഹായത്തോടെ മൈക്രോ എന്റർപ്രൈസസ് പദ്ധതികളും തുടങ്ങാം. 5 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കെഎസ്എഫ്ഇയുടെയും കേരള ബാങ്കിന്റെയും ബ്രാഞ്ചുകളെയാണ് സമീപിക്കേണ്ടത്. കെഎസ്ഐഡിസി മുഖേന വലിയ സംരംഭങ്ങൾക്ക് പ്രവാസി ഭദ്രതാ മെഗാ എന്നീ സ്കീമിലും പ്രവാസികൾക്ക് അപേക്ഷിക്കാം. കെഎസ്ഐഡിസിയാണ് ഇതിന് സമീപിക്കേണ്ടത്.
ഈ പദ്ധതികൾ വഴി സഹായം നൽകുന്നതിന് 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. നോർക്കയാണ് ഈ പദ്ധതികളുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്.