ഒട്ടാവ : ഇന്ത്യയുമായുള്ള നയതന്ത്ര പിരിമുറുക്കങ്ങള്‍ക്കിടയില്‍ ആശ്വാസം പകരുന്ന സമീപനവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യക്കാര്‍ക്ക് നവരാത്രി ആശംസകള്‍ അറിയിച്ചാണ് ട്രൂഡോ രംഗത്തെത്തിയത്. എക്സ് പോസ്റ്റിലൂടെയായിരുന്നു ട്രൂഡോയുടെ ആശംസ. ‘നവരാത്രി ആശംസകള്‍! ഹിന്ദു സമൂഹത്തിലെ അംഗങ്ങള്‍ക്കും ഈ ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകള്‍ നേരുന്നു’ ട്രൂഡോ എക്സ് പോസ്റ്റില്‍ പങ്കിട്ട പ്രസ്താവനയില്‍ കുറിച്ചു.
”അടുത്ത ഒമ്പത് രാത്രികളിലും 10 പകലുകളിലും, കാനഡയിലും ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹം നവരാത്രി ആഘോഷിക്കാന്‍ ഒത്തുചേരും.’ ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പത്ര കുറിപ്പിലൂടെ കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു.
എരുമയുടെ തലയുള്ള അസുരനായ മഹിഷാസുരനെതിരെ ദുര്‍ഗ്ഗാ ദേവിയുടെ വിജയത്തെയും തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയും അനുസ്മരിക്കുന്ന നവരാത്രി ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ ഉത്സവങ്ങളിലൊന്നാണ്. പലപ്പോഴും സ്ത്രീശക്തിയുടെ ആഘോഷമായി ഇത് കാണപ്പെടുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേരാനും പ്രാര്‍ത്ഥനകള്‍, ആഹ്ലാദകരമായ പ്രകടനങ്ങള്‍, പ്രത്യേക ഭക്ഷണം, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയിലൂടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യങ്ങളെ ബഹുമാനിക്കാനുമുള്ള സമയമാണിത്’ പ്രസ്താവനയില്‍ പറയുന്നു.
‘എല്ലാ കനേഡിയന്‍മാര്‍ക്കും, ഹിന്ദു സമൂഹങ്ങളുടെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കൂടുതലറിയാനും കാനഡയുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ഘടനയില്‍ അവര്‍ നല്‍കിയ അമൂല്യമായ സംഭാവനകളെ തിരിച്ചറിയാനും നവരാത്രി അവസരമൊരുക്കുന്നു. വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തിയെന്ന് ഇന്നത്തെ ആഘോഷങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു’ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
”ഈ വര്‍ഷം നവരാത്രി ആഘോഷിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.” തന്റെ കുടുംബത്തിനും കാനഡ സര്‍ക്കാരിനും വേണ്ടി ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രൂഡോ പറഞ്ഞു.
നിരോധിത ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ തലവനായ നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരുടെ പങ്കിനെ കുറിച്ച് ട്രൂഡോ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ഭിന്നത രൂക്ഷമായത്. എന്നാല്‍ ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച ഇന്ത്യ ഇവ പൂര്‍ണമായും തള്ളിക്കളഞ്ഞു.
കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചാണ് രണ്ട് അജ്ഞാതരായ അക്രമികള്‍ നിജ്ജാറിനെ വെടിവെച്ചു കൊന്നത്. കാനഡ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയതിനെത്തുടര്‍ന്ന് കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തിരുന്നു.
നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടികുറയ്ക്കാന്‍ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കാനഡ ഇന്ത്യയിലെ ഭൂരിപക്ഷം നയതന്ത്രജ്ഞരെയും ക്വാലാലംപൂരിലേക്കോ, സിംഗപ്പൂരിലേക്കോ സ്ഥലംമാറ്റിയതായി കാനഡയുടെ സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.