6 ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം. ലബനൻ അതിർത്തിയിൽ ഉൾപ്പടെ സംഘർഷം തുടരുകയാണ്.
ലബനൻ അതിർത്തിയിലെ ഇസ്രയേൽ സൈനിക പോസ്റ്റിന് നേരെ ആക്രമണമുണ്ടായി. ഹിസ്ബുളള ഭീകരരാണ് സൈനികർക്ക് നേരെ വെടിയുതിർത്തത്. ഇസ്രയേൽ സൈന്യം തിരിച്ചും വെടിയുതിർത്തു.
ടെൽ അവീവിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രണവുമുണ്ടായി. എന്നാൽ റോക്കറ്റുകൾ ഇസ്രയേൽ നിർവീര്യമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രയേൽ-പലസ്തീൻ യുദ്ധത്തെ കുറിച്ച് യുഎഇ പ്രസിഡന്റുമായി ആശയവിനിമയം നടത്തി. ഹമാസിന്റെ സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് നെതന്യാഹു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനെ അറിയിച്ചു. സൈനിക നടപടികൾ ഗാസയിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയാകുമെന്നും ബെഞ്ചമിൻ നെതന്യാഹു പറയുന്നു.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ലഫ്റ്റനന്റ് ഓർമോസസ്, ഇൻസ്പെക്ടർ കിം ഡോക്രേക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഫ്റ്റനന്റ് ഓർമോസസ് ഹോം ഫ്രണ്ട് കമാൻഡിൽ സേവനം അനുഷ്ഠിയ്ക്കുകയായിരുന്നു. കിം ഡോക്രേക്കർ പൊലീസ് സെൻട്രൽ ഡിസ്ട്രിക്റ്റിലെ ബോർഡർ ഓഫീസർ ആയിരുന്നു.
ഒക്ടോബർ 7 നാണ് ഇരുവരും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതിരോധ നിരയിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. 286 സൈനിക ഉദ്യോഗസ്ഥരും 51 പൊലീസ് ഉദ്യോഗസ്ഥരും ഇതുവരെ രേഖകൾ പ്രകാരം ഹമാസ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്റെ കണക്കുകൾ. ഈ കണക്കിൽ ഉൾപ്പെടാത്ത നിരവധി സുരക്ഷാ സേനാംഗങ്ങൾക്ക് ജീവഹാനി ഉണ്ടായിട്ടുണ്ടാകമെന്നും ഇസ്രയേൽ വ്യക്തമാക്കി.